Advertisment

കാവുകൾക്കും കാവായ കല്ലേലി കാവ്

New Update
33

കാവുകൾക്കും കളരികൾക്കും മലകൾക്കും മലനടകൾക്കും മൂല സ്ഥാനമായ കാവാണ് പത്തനംതിട്ട കോന്നി കല്ലേലിയിൽ സ്ഥിതി ചെയ്യുന്ന 999 മലകളുടെ മൂല സ്ഥാനമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. പഴമയും വിശ്വാസവും കൊണ്ട് നാനാജാതി ഭക്തജനസഹസ്രങ്ങൾക്ക് ഒന്നുപോലെ ആശ്രയമേകുന്ന മദ്ധ്യതിരുവിതാംകൂറിലെ ഏക കാനനവിശ്വാസകേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ).

Advertisment

ആദി-ദ്രാവിഡ-നാഗ-ഗോത്ര സംസ്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ പിന്തുടർന്നു വരുന്നതും പ്രകൃതി വീഥി തെളിയിച്ച് കിഴക്ക് ദർശനമായി ഉഗ്രവിഷ സർപ്പസംഹാരിയായ അച്ചൻകോവിൽ അച്ചന്റെ തീർത്ഥപുണ്യനദി അച്ചൻകോവിലാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പുണ്യ സങ്കേതം.

കിഴക്കുനിന്നും ഒഴുകിയെത്തുന്ന പുണ്യനദീപ്രവാഹം കാവിനെ തൊട്ടു നമസ്കരിച്ച് ദിശമാറിയൊഴുകുന്ന സുന്ദരദൃശ്യം  അത്യപൂർവ്വവും ദൈവീകവുമായ ഒരു സവിശേഷതയാണ്.

 പാണ്ഡിമലയാളം അടക്കിവാണ വീരയോദ്ധാവായതിനാൽ അച്ചൻകോവിൽ, കോടമല തേവർ, കൽച്ചിറ ഉടയോൻ, വളയത്ത് ഊരാളി, കറുപ്പസ്വാമി എന്നീ മലദൈവങ്ങളുമായി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനും കാവിനും അഭേദ്യമായ ബന്ധമുണ്ട്. 999 മലകളുടെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പനോട്‌ താംബൂലം (മുറുക്കാൻ ) സമർപ്പിച്ചാണ് പ്രാർഥിക്കേണ്ടത് (താംബൂലം കാവിൽ ലഭ്യമാണ് )

ഭാരതഭൂവിന്റെ സർഗ്ഗപ്രതിഭകളുടെ ശ്രീകോവിൽ കൂടിയായ  കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും കൂടുതൽ ഊട്ടി ഉറപ്പിക്കുന്നു . കല്ലേലി ഊരാളി അപ്പൂപ്പൻകാവ് ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ മൌലീകമായ ആർജ്ജവവും ശക്തിസ്വരൂപവും സംശുദ്ധിയും തേജസ്സും സമഞ്ജസമായി സമ്മേളിക്കുന്ന അത്യപൂർവ്വം കാവുകളിലൊന്നാണ്. ഭക്തിയുടെ പാരമ്യതയിലും പരിപാവനതയിലും ചരിത്ര സത്യങ്ങളുറങ്ങുന്ന പുണ്യഭൂമിയാണ് കല്ലേലി മണ്ണ്. 

ആചാരവും അനുഷ്ടാന കർമ്മങ്ങളും ഗോത്ര പാരമ്പര്യത്തിൽ നിറഞ്ഞ് നിൽക്കുന്നു.

പ്രകൃതി സത്യങ്ങളെ സാക്ഷി വെച്ചു ഊരാളിമാർ വിളിച്ചു ചൊല്ലി ദേശ ദോഷവും കാല ദോഷവും കുടുംബ ദോഷവും ഒഴിപ്പിച്ചിറക്കുന്നു.

കാവും കളരിയും ഊരാളിയും പ്രകൃതിയും ഒന്ന് ചേർന്ന് ലോകത്തിനു നന്മകൾ പ്രദാനം ചെയ്യുന്നു.രണ്ട് രണ്ടായിരം കലികളെയും മൂവായിരം അഷ്ടമംഗലങ്ങളെയും കിഴക്കൻ പാലാഴി കടലിനെയും പടിഞ്ഞാറേ തിരുവാർ കടലിനെയും മേലോകത്തെയും പാതാളത്തേയും വടക്കാനാദി തെക്കനാദി കളെ ഉണർത്തിച്ച് പൊന്നായിരത്തൊന്നു കാതിരിനെ സാക്ഷി വെച്ച് പിതൃക്കന്മാരെയും ആശാന്മാരെയും പരമ്പര കാക്കും പൂർവ്വികരെയും വിളിച്ചുണർത്തി ഭക്തരുടെ ദോഷങ്ങൾ ഒഴിപ്പിക്കുന്നു.

താംബൂല സമർപ്പണം, കരിക്ക് പടേനി,  പൊങ്കാല വഴിപാടുകൾ നിത്യവും ഉള്ള കാവിൽ വന്നണയുന്ന ഏതൊരു മനസ്സും ആഗ്രഹിക്കുന്ന കാര്യങ്ങൾ സൂര്യ കിരണം പോലെ ശോഭയോടെ തിളങ്ങി വിളങ്ങി വരും എന്നത് നൂറ്റാണ്ടുകളായുള്ള വിശ്വാസം ഇന്നും നിലനിൽക്കുന്നു.

33

പ്രകൃതി സംരക്ഷണ പൂജകളായ ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, പക്ഷി മൃഗാദി പൂജകൾ നൽകി പ്രകൃതിയെ ഉണർത്തിച്ചാണ് മല ഉണർത്തി പ്രഭാത വന്ദനം നടത്തുന്നത്. വാനര ഊട്ട്, മീനൂട്ട് പൂജകൾ നൽകി നിത്യേന ഉള്ള പ്രഭാത പൂജകൾക്ക് തുടക്കം കുറിക്കും.

മലയ്ക്ക് കരിക്ക് പടേനി കാവിലെ വിശേഷാൽ വഴിപാടാണ്. മൂന്ന് ദിവസം വ്രതം നോറ്റാണ് ഭക്തർ വഴിപാട് സമർപ്പിക്കുന്നത്.താംബൂല (മുറുക്കാൻ )സമർപ്പണം, ആദ്യ വിള സമർപ്പണം, ഉരു സമർപ്പണം, കോഴി സമർപ്പണം, നില വിളക്ക് സമർപ്പണം, നിത്യ പൊങ്കാല സമർപ്പണം, നിത്യ അന്നദാനം സമർപ്പണം, മഞ്ഞൾ പറ, നാണയപ്പറ, നെൽപ്പറ, അൻപൊലി എന്നിവ സമർപ്പണമായി നിത്യവും നടന്നു വരുന്നു.

മേടം ഒന്നിന് തുടങ്ങി പത്തു ദിവസത്തെ മഹോത്സവത്തിന്റെ പത്താം നാൾ പത്താമുദയത്തിന് പ്രശസ്തമായ കല്ലേലി ആദിത്യ പൊങ്കാലയും കല്ലേലി വിളക്കും, വലിയ മലയ്ക്ക് കരിക്ക് പടേനിയും 41 തൃപ്പടി പൂജയും, മലക്കൊടി എഴുന്നള്ളത്തും നടക്കും. വെള്ളം കുടി നിവേദ്യം ആഴിപൂജ എന്നിവയ്ക്ക് നാനാ ഭാഗത്തു നിന്നും ഭക്ത ജനങ്ങൾ ഒഴുകി എത്തും.കല്ലേലി കാവിൽ മാത്രം ഉള്ള കലാരൂപമാണ് കുംഭ പാട്ട്, കലകളായ തലയാട്ടം കളി, ഭാരത കളി, മുടിയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ ഉത്സവ നാളുകളിൽ നടന്നു വരുന്നു.

കല്ലേലി കൗള ഗണപതി, ഹരി നാരായണൻ, കുട്ടിച്ചാത്തൻ, വടക്കൻ ചേരി വല്യച്ഛൻ, പാണ്ടി ഊരാളി, മൂർത്തി, ആദ്യ ഉരു മണിയൻ, കാവിൽ വാഴും അമ്മ പരാശക്തി, വന ദുർഗ, നാഗ രാജൻ, നാഗ യക്ഷി, കൊച്ചു കുഞ്ഞ് അറു കല, യക്ഷി അമ്മ, ഭാരത പൂങ്കുറവൻ ഭാരത പൂങ്കുറത്തി(ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്ന കുറവൻ കുറത്തി മലകൾക്ക് പൂജയുള്ള ഏക കാവ് )ആശാൻ, ഗുരുക്കന്മാർ, പിതൃക്കൾ, പർണ്ണ ശാല, പുറം കളം എന്നീ ഉപ സങ്കൽപ്പങ്ങൾക്ക് വിശേഷാൽ ഊട്ടും പൂജയും ഉണ്ട്.

കോന്നിയിൽ നിന്നും 8 കിലോമീറ്റർ കോന്നി അച്ചൻ കോവിൽ റോഡിലൂടെ സഞ്ചാരിച്ചാൽ കാവിന് മുന്നിൽ എത്തിച്ചേരും. 24 മണിക്കൂറും ദർശനം ഉള്ള ഏക ക്ഷേത്രമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് എന്നത് പ്രത്യേകതയാണ്.

Advertisment