Advertisment

വണ്ടര്‍ല ഹോളിഡേയ്‌സ് വരുമാനത്തില്‍ 62% വര്‍ധന

New Update

publive-image

Advertisment

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡിന്റെ മൊത്തവരുമാനം 117.8 കോടി രൂപ രേഖപ്പെടുത്തി. 2020 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ 72.7 കോടിയില്‍ നിന്ന് 62 ശതമാനം വര്‍ധനവാണുണ്ടായതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 2020 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ 21 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 38.9 കോടി രൂപയായി. അവലോകന പാദത്തിലെ വരുമാനം 61 കോടി രൂപയാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 27.7 കോടി രൂപയായിരുന്നു.

കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ടര്‍ലയിലെത്തിയ ആളുകളുടെ എണ്ണത്തില്‍ 28 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ 9.2 ലക്ഷമായിരുന്നു മൊത്തം ആളുകളുടെ എണ്ണം. 2020 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.2 ലക്ഷമായിരുന്നു.

ബാംഗ്ലൂരിലെ പാര്‍ക്കില്‍ 3.21 ലക്ഷം ആളുകളും, കൊച്ചിയിലെ പാര്‍ക്കില്‍ 3.16 ലക്ഷം ആളുകളും, ഹൈദരാബാദ് പാര്‍ക്കില്‍ 2.82 ലക്ഷം ആളുകളുമെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 9 മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തവരുമാനം 339.8 കോടി രൂപയാണ്. നികുതിക്കു ശേഷമുള്ള ലാഭം 113.9 കോടി രൂപയും.

25.1 ലക്ഷം ആളുകള്‍ ഈ കാലയളവില്‍ വണ്ടര്‍ലയില്‍ എത്തിയിട്ടുണ്ട്.

വിനോദസഞ്ചാരികളുടെ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനത്തിലുണ്ടയിട്ടുള്ള വർധനവാണ് ഈ നേട്ടത്തിന് കാരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഈ പാദത്തിലെ കമ്പനി ഫലത്തില്‍ സന്തുഷ്ടരാണെന്നും വരാനിരിക്കുന്ന പാദങ്ങളില്‍ തുടര്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2025-ഓടെ ഒഡീഷയിലെ ഭുവനേശ്വറില്‍ പുതിയ പാര്‍ക്ക് ആരംഭിക്കും..

Advertisment