Advertisment

കോഴിക്കോട് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; വെടിയുണ്ടകൾക്ക് പത്തുവർഷത്തിലേറെ കാലപ്പഴക്കമുണ്ടെന്ന് നിഗമനം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

 

Advertisment

publive-image

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. വെടിയുണ്ടകൾക്ക് പത്തുവർഷത്തിലേറെ കാലപ്പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെടിയുണ്ടകളുടെ ഉറവിടം കണ്ടെത്താനായി റൈഫിൾ ക്ലബ്ബുകളിൽ നിന്നുള്ള വിവരശേഖരണം തുടങ്ങി.

തൊണ്ടയാട് ബൈപ്പാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ വെടി ഉണ്ടകളുടെ ഉറവിടം കണ്ടെത്താനായി കേരള അതിർത്തി കടന്നുളള അന്വേഷണത്തിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. കർണാടകയിലെ കുടക് കേന്ദ്രീകരിച്ച് അനധികൃത ആയുധ വിൽപന കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വെടിയുണ്ടകൾ ജർമ്മനി, ഇംഗ്ലണ്ട്, പൂനൈ എന്നിവിടങ്ങളിൽ നിർമ്മിച്ചവയാണെന്നാണ് ബാലിസ്റ്റിക് പരിശോധനയിൽ വ്യക്തമാവുന്നത്.

ഇവയുടെ സീരിയൽ നമ്പറുകൾ പരിശോധിച്ചു. ഇവയിൽ ഒരു കമ്പനിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടതിൽ നിന്നും അവർ തന്നെ നിർമ്മിച്ച വെടിയുണ്ടകളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവ ആർക്ക് എപ്പോൾ കൈമാറിയതാണെന്ന വിവരമാണ് ഇനി ലഭിക്കേണ്ടത്. കോഴിക്കോടും സമീപ ജില്ലകളിലുമുളള റൈഫിൾ ക്ലബ്ബുകൾ, ആയുധ വിൽപന കേന്ദ്രങ്ങൾ എന്നിവയിൽ നിന്നും ജില്ല ക്രൈംബ്രാഞ്ച് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ജനവാസ മേഖലക്ക് സമീപം വെടിയുണ്ടകൾ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിക്കുന്നുണ്ട്. വെടിയുണ്ട കണ്ടെടുത്ത പ്രദേശത്ത് വെടിവെപ്പ് പരിശീലനം സാധ്യമല്ല. വെടിയുണ്ടകൾ മോഷ്ടിച്ച് ഒളിപ്പിച്ചതാവാമെന്നാണ് അന്വേഷണസംഘത്തിൻറെ നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൊണ്ടയാട് 0.22 റൈഫിളിലുപയോഗിക്കുന്ന 266 വെടിയുണ്ടകൾ കണ്ടെത്തിയത്.

Advertisment