Advertisment

പെഗാസസ് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി; സമിതിയെ നിയോഗിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പെഗാസസിലൂടെ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണ്. വിഷയത്തില്‍ കോടതി പ്രകടിപ്പിച്ച ആശങ്ക തെളിയിക്കുന്നത് പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയായിരുന്നു എന്നാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

''പെഗാസസ് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങള്‍ക്കും എതിരെയാണ് പെഗാസസ് ആക്രമണം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്''-രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും പെഗാസസ് സംബന്ധിച്ച സത്യം പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ഫോണ്‍ പോലും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടു. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ഫോണുകള്‍ ചോര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗാസസ് പ്രശ്‌നം ഞങ്ങള്‍ ഉന്നയിച്ചതാണ്. ഇപ്പോള്‍ സുപ്രീം കോടതിയും വിഷയത്തില്‍ നയം വ്യക്തമാക്കുകയും ഞങ്ങള്‍ പറഞ്ഞതിനെ പിന്തുണക്കുകയും ചെയ്തു. ആരാണ് പെഗാസസിന്റെ ഉത്തരവാദികള്‍, ആര്, ആര്‍ക്കെതിരെയാണ് ഉപയോഗിച്ചത്, നമ്മുടെ ജനതയുടെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ ചോദിച്ചത്. മുഖ്യമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി, ബിജെപി മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെയെല്ലാം പെഗാസസ് ഉപയോഗിച്ചിട്ടുണ്ട്.

പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയ വിവരങ്ങള്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ലഭിച്ചിരുന്നോ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണ്‍ സംഭാഷണം പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

പാര്‍ലമെന്റില്‍ ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ മറുപടി ഉണ്ടായില്ല. പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ സ്തംഭിപ്പിച്ചു. എന്നിട്ടും ഉണ്ടായില്ല. എന്നാല്‍ ഇന്ന് ഞങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ അതുപോലെ തുടരും, രാഹുല്‍ പറഞ്ഞു. പെഗാസസ് വിഷയം വീണ്ടും പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

rahul gandhi pegasus
Advertisment