Advertisment

സസ്യാഹാരം കഴിച്ച് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം; തീവണ്ടികളില്‍ ഇനി 'സാത്വിക് സര്‍ട്ടിഫൈഡ്' സസ്യാഹാരം; പദ്ധതിയുമായി റെയില്‍വേ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ 'സാത്വിക് സര്‍ട്ടിഫൈഡ്' ഭക്ഷണം ലഭ്യമാക്കുമെന്ന് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഐആർസിടിസിയുമായി ധാരണയിലെത്തിയതായി സാത്വിക് കൗൺസിൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, ഐആർസിടിസി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആരാധനാലയങ്ങളിലേക്കുള്ള ട്രെയിനുകളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം നൽകുന്നതാണ് പദ്ധതി. തീർത്ഥാടനത്തിനായി ഒരു 'സാത്വിക്' അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ഇന്ത്യൻ റെയിൽവെ ലക്ഷ്യമിടുന്നത്.

സസ്യഭക്ഷണത്തിന് നിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനമാണ് സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആല്‍ക്കഹോള്‍, നിക്കോട്ടിന്‍ എന്നിവയൊന്നും ഇല്ലാത്ത പൂര്‍ണ സസ്യഭക്ഷണ ഉല്‍പന്നങ്ങള്‍ക്കാണ് സാത്വിക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

ഡൽഹിയിൽ നിന്ന് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് പോകുന്ന ഡൽഹി-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ആയിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ട്രെയിൻ. വരും ദിവസങ്ങളിൽ മറ്റ് 18 ട്രെയിനുകൾക്കും പദ്ധതി പ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്ന തീവണ്ടികളില്‍ സസ്യഭക്ഷണം ഉറപ്പുവരുത്തുന്നതിന് ഐആര്‍സിടിസിയുമായി കൈകോര്‍ക്കുന്നതായി സാത്വിക് കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഐആര്‍സിടിസിയുമായി ചേര്‍ന്ന് നവംബര്‍ 15 മുതല്‍ സാത്വിക് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി നടപ്പാക്കും. കൂടാതെ, തീവണ്ടികളിലെ സസ്യഭക്ഷണ വിഭവങ്ങളുടെ കൈപ്പുസ്തകവും തയ്യാറാക്കും.

Advertisment