Advertisment

ആര്‍ആര്‍ബി എന്‍ടിപിസി വഴി ജോലി സ്വപ്‌നം കാണുന്നത് നിരവധി ഉദ്യോഗാര്‍ത്ഥികള്‍; നീണ്ട പ്രക്ഷോഭത്തിന് ശേഷം അവസാനിച്ചത് പരീക്ഷയുടെ ഒരുഘട്ടം മാത്രം; ഇവര്‍ക്ക് എപ്പോള്‍ ജോലി ലഭിക്കും- റെയില്‍വേയുടെ അനാസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: എന്‍ടിപിസി (നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി) പരീക്ഷയുടെ ഒരു ഘട്ടം അവസാനിച്ചിട്ട് മാസങ്ങളായിട്ടും റിസല്‍ട്ട് പ്രസിദ്ധീകരിക്കാതെ ആര്‍ആര്‍ബി (റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്). 2019-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും കൊവിഡ് ഉള്‍പ്പെടെയുള്ള പല കാരണങ്ങളാല്‍ പരീക്ഷ 2020 ഡിസംബര്‍ 28-നാണ് ആരംഭിക്കാനായത്.

ഒരു കോടിയിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2021 ജൂലൈ 31-ന് ഒന്നാം ഘട്ട പരീക്ഷ അവസാനിച്ചു. ഓഗസ്റ്റില്‍ പ്രൊവിഷണല്‍ ആന്‍സര്‍ കീയും പുറത്തുവിട്ടു. എന്നാല്‍ പരീക്ഷയുടെ ഫലം ആര്‍ആര്‍ബി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഓണ്‍ലൈനായി നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതില്‍ കാലത്താമസം നേരിടുന്നതില്‍ ഉദ്യോഗാര്‍ത്ഥികളിലും അമര്‍ഷം പുകയുകയാണ്. നാളെ ഡിജിറ്റല്‍ പ്രതിഷേധത്തിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് ഡി തസ്തികയിലും റെയില്‍വേയുടെ അനാസ്ഥ തുടരുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്ന് ജോലി ലഭിക്കുമെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ കോണ്‍ഗ്രസ് ചോദിക്കുന്നു.

''രാജ്യത്തുടനീളമുള്ള നമ്മുടെ 1.20 കോടി വിദ്യാർത്ഥികൾ ആര്‍ആര്‍ബി എന്‍ടിപിസി വഴി റെയിൽവേയിൽ ജോലി സ്വപ്നം കാണുന്നു. നീണ്ട സമരങ്ങൾക്കും നിരവധി പ്രക്ഷോഭങ്ങൾക്കും ശേഷവും പരീക്ഷയുടെ ഒരു ഘട്ടം മാത്രമാണ് അവസാനിച്ചത്. പ്രധാനമന്ത്രി മോദി- അവർക്ക് എപ്പോഴാണ് ജോലി ലഭിക്കുക?''-കോണ്‍ഗ്രസ് ചോദിച്ചു.

Advertisment