Advertisment

കേന്ദ്രസർവകലാശാലകളിലെ യുജി, പിജി കോഴ്‌സുകളിലേക്കുള്ള കോമൺ എൻട്രൻസ് ടെസ്റ്റ് അടുത്ത അക്കാദമിക് സെഷൻ മുതൽ; പ്രധാനപ്പെട്ട പ്രഖ്യാപനവുമായി യുജിസി

New Update

publive-image

Advertisment

ന്യൂഡൽഹി: 2022-2023 അക്കാദമിക് സെഷൻ മുതൽ കേന്ദ്ര സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്കായി കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) നടത്തുമെന്ന്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) മുഖേനയാണ് സിഇടി നടത്തുന്നതെന്നും യുജിസി വ്യക്തമാക്കി.

പിഎച്ച്ഡി പ്രോഗ്രാമിലെ പ്രവേശനത്തിന് സാധ്യമാകുന്നിടത്തെല്ലാം നെറ്റ് സ്കോർ ഉപയോഗിക്കുമെന്നും യുജിസി അറിയിച്ചു. 2022-2023 അക്കാദമിക് സെഷൻ മുതൽ കോമൺ എൻട്രൻസ് ടെസ്റ്റിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ എല്ലാ കേന്ദ്ര സർവകലാശാലകളോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് യുജിസി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സിലര്‍മാര്‍ക്ക് യുജിസി കത്തയച്ചു. കുറഞ്ഞത് 13 ഭാഷകളില്‍ ഈ ടെസ്റ്റുകള്‍ നടത്തുമെന്നും യുജിസി പറയുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍ഇപി) എന്‍ടിഎ വഴി എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു സിഇടി നടത്തണമെന്ന് നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് യുജിസിയുടെ ഈ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനും കേന്ദ്രസർവകലാശാലകളിൽ പരീക്ഷ നടത്തുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കാനും ഒരു കമ്മിറ്റി രൂപീകരിച്ചതായി യുജിസി അറിയിച്ചു.

സമിതിയുടെ ശുപാർശകൾ ചർച്ച ചെയ്യാൻ നവംബർ 21 ന് എല്ലാ കേന്ദ്ര സർവകലാശാലകളിലെയും വൈസ് ചാൻസലർമാരുമായി ഒരു യോഗം ചേർന്നതായും യുജിസി വ്യക്തമാക്കി.

2021ലെ അക്കാദമിക് സെഷൻ മുതലുള്ള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സർവ്വകലാശാലകളിലേക്കുള്ള പ്രവേശനം എന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധികള്‍ കാരണം പദ്ധതി നടപ്പാക്കാനായില്ല.

Advertisment