ചണ്ഡീഗഡ്: പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങ്. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണ്. തെറ്റുകൾ സമ്മതിക്കുന്നതിനോ തിരുത്തുന്നതിനോ തയാറാകാതെ, എല്ലാ തെറ്റുകൾക്കും ജവഹർലാൽ നെഹ്റുവിനെ കുറ്റം പറയുകയാണ് ഏഴുവർഷമായി ഭരിക്കുന്ന ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാജ്യത്തെ വിഭജിക്കുകയോ സത്യം മറച്ചുവെക്കുകയോ ചെയ്തിട്ടില്ല. 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ എന്റെ പ്രവര്‍ത്തനത്തിലൂടെ സംസാരിച്ചു. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം നഷ്ടപ്പെടാന്‍ ഞാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല.
ബിജെപി സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല. സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരാകുകയുമാണ്. ഇന്ത്യ–ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
രാഷ്ട്രീയക്കാരെ കെട്ടിപ്പിടിച്ചതുകൊണ്ടോ ക്ഷണിക്കാതെ ബിരിയാണി കഴിക്കാന്‍ പോയതുകൊണ്ടോ ബന്ധങ്ങള്‍ മെച്ചപ്പെടില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ബിജെപിയുടെ ദേശീയത. ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലമാകുകയാണെന്നും മന്‍മോഹന്‍ സിങ്ങ് കൂട്ടിച്ചേര്‍ത്തു.