Advertisment

ഗോ ഫസ്റ്റിന്റെ പ്രതിസന്ധി കനക്കും ? 20 വിമാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് 'ലെസേഴ്‌സി'ന്റെ ആവശ്യം; നടപടിക്രമങ്ങള്‍ ആരംഭിച്ച് ഡിജിസിഎ ! 20 വിമാനങ്ങള്‍ തിരികെ വേണമെന്നുള്ള നിലപാട് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തല്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കനത്ത പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനിയായ ഗോ ഫസ്റ്റിലേക്ക് 20 വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തവര്‍ (ലെസേഴ്‌സ്) അവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഡിജിസിഎയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ലെസേഴ്‌സിന്റെ വിശദാംശങ്ങള്‍ ഡിജിസിഎ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഇത്തരത്തില്‍ അപേക്ഷ ലഭിച്ചാല്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ വിമാനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ഡിജിസിഎ ആരംഭിക്കണമെന്നും, അതിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിയമം അനുശാസിക്കുന്നതായി ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ നിയമപരമായി ഗോ ഫസ്റ്റ് എതിര്‍ക്കുമോയെന്ന് വ്യക്തമല്ല.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് പാപ്പരത്തത്തിന് അപേക്ഷിച്ചതാണ് പുതിയ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ പ്രവര്‍ത്തനത്തിലേക്ക് പഴയതുപോലെ മടങ്ങിയെത്താന്‍ ലക്ഷ്യമിടുന്നതായും എയര്‍ലൈന്‍ വ്യക്തമാക്കിയിരുന്നു.

എഞ്ചിനുകള്‍ വിതരണം ചെയ്യുന്നതില്‍ ഇതുമായി ബന്ധപ്പെട്ട യുഎസ് സ്ഥാപനം വാക്ക് പാലിച്ചില്ലെന്നാണ് ഗോ ഫസ്റ്റിന്റെ ആരോപണം. ഇത് നിരവധി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിന് എയര്‍ലൈനെ നിര്‍ബന്ധിതരാക്കി.

എന്നാല്‍ 20 വിമാനങ്ങള്‍ തിരികെ നല്‍കണമെന്നുള്ള ലെസേഴ്‌സിന്റെ നിലപാട് പ്രതിസന്ധിയുടെ ആഴം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഗോ ഫസ്റ്റിന് കനത്ത വെല്ലുവിളി സൃഷ്ടിക്കും. എൻ‌സി‌എൽ‌ടിയിൽ, സ്വമേധയാ പാപ്പരത്വത്തിനും അതിന്റെ സാമ്പത്തിക ബാധ്യതകളിൽ മൊറട്ടോറിയത്തിനുമുള്ള ഗോ ഫസ്റ്റിന്റെ അഭ്യർത്ഥനയെ പാട്ടക്കാർ (ലെസേഴ്‌സ്) ഇന്ന് എതിർത്തു.

ഏകദേശം നാല് മണിക്കൂറോളമാണ് എന്‍സിഎല്‍ടി ഈ വിഷയം കേട്ടത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ മാറ്റിവച്ചു. സ്വമേധയാ പാപ്പരത്വത്തിനും മൊറട്ടോറിയത്തിനുമുള്ള അഭ്യർത്ഥന കടക്കാർക്ക് കുടിശ്ശിക നൽകുന്നത് ഒഴിവാക്കാനല്ലെന്നും കമ്പനിയെ രക്ഷിക്കാനാണെന്നും ഗോ ഫസ്റ്റിന്റെ അഭിഭാഷകർ പറഞ്ഞു.

എയർലൈനിന്റെ ബാങ്ക് ഗ്യാരന്റി എൻക്യാഷ് ചെയ്യുന്നുണ്ടെന്നും വിമാന പാട്ടം അവസാനിപ്പിക്കാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകർ സ്ഥിരീകരിച്ചു. എയർലൈൻസിന് 11,463 കോടി രൂപയുടെ ബാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. മെയ് 9 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കുകയും മെയ് 15 വരെ ടിക്കറ്റ് വിൽപ്പന നിർത്തുകയും ചെയ്തു.

Advertisment