Advertisment

മണിപ്പൂർ സംഘർഷം രൂക്ഷമാകുന്നു; ഇംഫാലിൽ ബിജെപി എംഎൽഎയെ ജനക്കൂട്ടം ആക്രമിച്ചു

New Update

ഇംഫാല്‍: മണിപ്പൂർ സംഘർഷം രൂക്ഷമാകുന്നു. ഇംഫാലിൽ ബിജെപി എംഎൽഎ വുങ്‌സാഗിൻ വാൽട്ടെയെ ജനക്കൂട്ടം ആക്രമിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് എംഎൽഎക്ക് നേരെ ജനക്കൂട്ടം ആക്രമണം ഉണ്ടായത്. വാൽട്ടെ ഗുരുതരാവസ്ഥയിൽ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.

Advertisment

publive-image

ഗോത്രവർഗക്കാരും ഭൂരിപക്ഷം വരുന്ന മെതായി സമുദായവും തമ്മിൽ സംസ്ഥാനത്തുടനീളം അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിലെ ക്രമസമാധാന നില പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായത്. ഫെർസാൾ ജില്ലയിലെ തൻലോണിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ വാൽട്ടെ ഇംഫാലിലെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.

എംഎൽഎയെയും ഡ്രൈവറെയും രോഷാകുലരായ ജനക്കൂട്ടം ആക്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പിഎസ്ഒ രക്ഷപ്പെടുകയായിരുന്നു. കുക്കി സമുദായത്തിൽ നിന്നുള്ളയാളാണ് വാൽട്ടെ. കഴിഞ്ഞ ബിജെപി സർക്കാരിൽ മണിപ്പൂരിലെ ട്രൈബൽ അഫയേഴ്സ് & ഹിൽസ് മന്ത്രിയായിരുന്നു.

അതേസമയം, സംഘർഷം രൂക്ഷമായ മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഉത്തരവിൽ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു.

Advertisment