Advertisment

ഗണിതം സങ്കീർണ്ണതയോ ? കല്പാന്ത കാലവും താണ്ടി ആഴ്ച ഏതെന്ന് പറയും ഈ ഡിവൈഎസ്‌പി ! ഇതിനായി സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാനും ശ്രമം ആരംഭിച്ചു

New Update

publive-image

Advertisment

പാലക്കാട്: കേരളപ്പിറവി ദിനം 1956 നവംബർ 1 -നാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നാൽ ആ ദിവസം ഞായർ മുതൽ തിങ്കൾ വരെയുള്ളതിൽ ഏത് ആഴ്ചയായിരിക്കും? അത് അധികം പേർക്കും അറിയാൻ വഴിയില്ല. അതിനു കലണ്ടർ നോക്കേണ്ടി വരും, വർഷങ്ങളുടെയും മാസങ്ങളുടെയും ആവർത്തന ക്രമം മനസ്സിലായില്ലെങ്കിൽ

ഇതൊന്നും എളുപ്പവുമല്ല.

എന്നാൽ ഈ ചോദ്യം പാലക്കാട്‌ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി സി.ഡി. ശ്രീനിവാസനോടാണെങ്കില്‍ വ്യാഴാഴ്ചയെന്ന ഉത്തരം ഏതാണ്ട് അരമിനിറ്റിനുള്ളില്‍ ലഭിക്കും. ഇങ്ങനെ ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മുന്നോട്ടോ പിന്നോട്ടോ പോയാലും ആഴ്ചകളും ആ വർഷത്തെ കലണ്ടറും നിഷ്പ്രയാസം ഇദ്ദേഹത്തിന് പറയാൻ സാധിക്കും.

നിലവില്‍ ആഴ്ചകള്‍ പറഞ്ഞുതരുന്ന വിവിധ സംവിധാനങ്ങള്‍ ഉണ്ട്. പക്ഷെ ഇതില്‍ മുന്‍കൂട്ടി ചേര്‍ക്കുന്ന വര്‍ഷങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് പറഞ്ഞുതരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ രീതിയനുസരിച്ച് 14 വര്‍ഷങ്ങളുടെ കലണ്ടറുകൾ മനസ്സിൽ വച്ചു കൊണ്ട് ഏതുകാലത്തേയ്ക്കും അനന്തമായി സഞ്ചരിക്കാം.

സിവിൽ എന്‍ജിനിയറിങ് ബിരുദധാരിയായ ഇദ്ദേഹം സ്വന്തമായി രൂപപ്പെടുത്തിയ രീതിയാണിത്. എഡി, ബിസി വര്‍ഷങ്ങളിലെ ഏത് തീയതിയുടെയും ആഴ്ചകള്‍ അനായാസമായി ഇതിലൂടെ പറയാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

എന്നാൽ തന്റെയീ നേട്ടം മറ്റുള്ളവർക്കും ഉപകരിക്കണമെന്ന ചിന്തയാൽ ബി.സി. ഒന്നിന് പുറകിലേക്കും എ.ഡി. ഒന്ന് മുതൽ മുന്നോട്ടും ഏത് കാലം വരേയ്ക്കുമായിട്ടു വെവ്വേറെ സൂത്ര വാക്യങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്, എന്നാൽ കോവിഡ് മൂലമുള്ള ഓഫീസ് തടസ്സങ്ങളാൽ ഇന്റലെക്ച്ചൽ പ്രോപ്പർട്ടി രെജിസ്ട്രേഷൻ നടക്കാത്തതിനാൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ഇതൊരു സോഫ്റ്റ് വെയര്‍ രൂപത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഈ സൂത്രവാക്യങ്ങൾ ഉപയോഗിച്ചാൽ ഇന്നത്തെ സോഫ്റ്റ്‌വെയറിൽ മൊബൈൽ കമ്പനികൾ കലണ്ടർ സൂക്ഷിക്കുവാൻ നീക്കി വച്ചിരിക്കുന്ന ലക്ഷക്കണക്കിന് പേജുകളെ കേവലം 20ഓളം പേജുകളിലേയ്ക്ക് ചുരുക്കുവാൻ കഴിയും.

കണക്കില്‍ മാത്രമല്ല കേസന്വേഷണത്തിലും മുന്‍നിരയിലാണ് ഇദ്ദേഹം. കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മെഡൽ ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആയിരിക്കുമ്പോള്‍ നടത്തിയ അന്വേഷണത്തിനാണ് ഇത്.

publive-image

മൈനർ ആയ ഒരു പെണ്‍കുട്ടിയെ വിവാഹിതനായ ഒരാൾ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസായിരുന്നു. ഈ കേസിൽ ടീം അംഗങ്ങൾക്ക് കേരള ഹൈക്കോടതിയുടെ പ്രത്യേക പ്രശംസയും ലഭിച്ചു. സ്തുത്യർഹ സേവനത്തിനു രാഷ്ട്രപതിയുടെയും, മുഖ്യമന്ത്രിയുടെയും പോലീസ് മെഡലുകൾ ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനങ്ങൾക്ക് നാല് തവണ സംസ്ഥാന പോലീസ് മേധാവിയുടെ 'ബാഡ്ജ് ഓഫ് ഹോണർ' പുരസ്‌കാരം ലഭിച്ചു.

കൊങ്കണ്‍ റെയില്‍വെയിലെ എന്‍ജിനിയറിങ് ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം 1995 ൽ കേരള പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആകുന്നത്. 2013 മുതല്‍ മാവോയിസ്റ്റുകളെ നേരിടുന്ന തണ്ടര്‍ബോള്‍ട്ടിനെ കാടുകളിൽ വിവിധ പ്രവർത്തനങ്ങളിൽ നയിക്കുവാൻ ഏറ്റവും ആദ്യം മുന്നോട്ടു വന്ന ഡിവൈഎസ്‌പി ആയിരുന്ന ഇദ്ദേഹം പിന്നീടുള്ള അഞ്ച് വര്‍ഷക്കാലം മാവോയിസ്റ്റു കള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി.

ജോലിക്കിടയിൽ വിവിധ യാത്രകളിലെ ഇടവേളകളിലാണ് ഇദ്ദേഹം കലണ്ടർ കണക്കുകളുടെ ലോകത്തേക്ക് സഞ്ചരിച്ചിരുന്നത്. ആഴ്ചകള്‍ പറഞ്ഞുകൊണ്ട് വര്‍ഷങ്ങള്‍ താണ്ടി സഞ്ചരിച്ച മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഉയര്‍ത്തിയ അത്ഭുതമാണ് ഈ വഴി സഞ്ചരിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഏതാനും വര്‍ഷങ്ങളുടെ കാര്യങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ മറ്റുള്ളവർ പറയുന്നതെങ്കില്‍ അനന്തമായിട്ട് മുന്നോട്ടും പിന്നോട്ടും ഏതുവര്‍ഷത്തേയും വിവരങ്ങള്‍ പറയാനുള്ള വഴിയാണ് ഡിവൈഎസ്‌പി ശ്രീനിവാസന്‍ രൂപപ്പെടുത്തിയത്.

ഏറ്റവും രസകരമായ കാര്യം അര മിനിറ്റിനുള്ളിൽ അദ്ദേഹം ദിവസം അഥവാ ആഴ്ച ഏതെന്നു പറയുന്നത് ഈ സൂത്ര വാക്യങ്ങളുടെ സഹായം ഇല്ലാതെ മനസ്സിൽ കൂട്ടുന്ന മറ്റേതോ രീതിയിലാണ് എന്നതാണ് !

ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതിയുടെയും പാലക്കാട് ജില്ലാ നോഡൽ ഓഫീസർ കൂടി ആയ സി.ഡി. ശ്രീനിവാസൻ പാലക്കാട് ജനമൈത്രി പോലീസിന് വേണ്ടി മേൽനോട്ടം വഹിച്ച് നിർമ്മിച്ച ബോധ വത്കരണ ചിത്രം 'ഒപ്പം ഉണ്ട് ' കഴിഞ്ഞ ഒക്ടോബർ ഒന്നിന് ലോക വയോജന ദിനത്തിൽ റിലീസ് ചെയ്തിരുന്നു.

പാലക്കാട് പ്രിയ തിയേറ്ററിലായിരുന്നു പ്രിവ്യൂ പ്രദർശനം. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഇനിയുള്ള കാലത്ത് പോലീസിന്റെ പ്രധാന കർത്തവ്യം എന്നതാണ് ഇതിന്റെ പ്രമേയം.

എറണാകുളം ജില്ലയിൽ ചേന്ദമംഗലം സ്വദേശിയായ ഇദ്ദേഹം നല്ലൊരു അധ്യാപകനും പ്രാസംഗികനും കൂടിയാണ്.

തന്റെയീ പ്രവർത്തനങ്ങൾക്ക്‌ എന്നും അകമഴിഞ്ഞ പ്രോത്സാഹനം നൽകിയത് ഭാര്യയും മകളുമാണെന്നും അദ്ദേഹം ഓർമ്മിക്കുന്നു. പത്നി ആർ.പ്രീത, കെഎസ്ഇബി ആസ്ഥാനത്തു കൺസ്ട്രക്ഷൻ വിഭാഗം ചീഫ് എൻജിനീയർ ആണ്. ഏക മകൾ എസ്. കാർത്തിക എം ബി ബി എസ് ഡോക്ടർ.

palakkad news
Advertisment