Advertisment

ലോകം ഒരു പന്തിനു പിന്നാലെ നാളെ മുതൽ ഉരുളും... ഖത്തറിൽ ആവേശക്കൊടുമുടിയിൽ ലോകകപ്പിന് കിക്കോഫ് നാളെ. ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറും. സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചത് തിരിച്ചടിയായെന്ന് ലോകമെങ്ങും നിന്നെത്തിയ ആരാധകർ

New Update

publive-image

Advertisment

ദോഹ: നാളെ മുതൽ ലോകം ഒരു പന്തിനു പിന്നാലെ ഉരുളും. ലോകമെങ്ങുമുള്ള കാൽപ്പന്തുകളി ആരാധകരെ ആവേശക്കൊടുമുടി കയറ്റുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ 22-ാം പതിപ്പിന് നാളെ ഖത്തറിൽ കിക്കോഫ്.

സന്നാഹമത്സരങ്ങൾ പൂർത്തിയാക്കി ലോകകപ്പിനുള്ള 32 ടീമുകളും ഖത്തറിൽ എത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് ആരാധകരും സംഘങ്ങളായി എത്തുന്നു. മണലാരണ്യത്തിലെ മനോരഞ്ജകമായ വേദികളിൽ ലോകകപ്പിന്റെ മായക്കാഴ്ചകളിലേക്ക് അവർ അലിഞ്ഞുചേരുന്നു. ഇനി ഒരുമാസം ഖത്തർ ലോകത്തിന്റെ സ്വന്തമാണ്. വിവിധ ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, ഭക്ഷണരീതികളുടെ സംഗമവേദിയാകുമ്പോഴും തങ്ങളുടെ തനിമ കാത്തുസൂക്ഷിക്കുമെന്ന് ഖത്തർ ഭരണകൂടം ഉറപ്പ് നൽകുന്നുണ്ട്.

ഖത്തറിലെ ആഘോഷങ്ങൾക്കും ആരവങ്ങൾക്കും ശോഭയേകാൻ നിറയെ മലയാളികളുമുണ്ട്. കേരളത്തിൽ നിന്ന് സംഘങ്ങളായി ദിവസവും മലയാളികളെത്തുന്നു. മുൻകാല താരങ്ങളും പരിശീലകരുമൊക്കെ ലോകകപ്പിന് എത്തുന്നവരുടെ പട്ടികയിലുണ്ട്. മറ്റ് അറേബ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളും ഖത്തറിലെ ആഘോഷങ്ങളിൽ അലിയുവാൻ എത്തുന്നുണ്ട്.

ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ ഫിഫ മദ്യപാനം നിരോധിച്ചു. മദ്യത്തിന് വിലക്കുള്ള ഖത്തറിൽ പ്രത്യേകം അനുമതി നൽകിയ ഫാൻ സെന്ററുകളിൽ മാത്രമേ വിദേശത്തു നിന്ന് എത്തുന്നവർക്ക് മദ്യപിക്കാൻ അനുമതിയുള്ളൂ. ഫിഫയുടെ ഇടപെടലിനെത്തുടർന്ന് പരമ്പരാഗത നിയന്ത്രണങ്ങളിൽ ഖത്തർ ഭരണകൂടം ഇളവ് നൽകിയിട്ടുണ്ടെങ്കിലും സ്റ്റേഡിയങ്ങളിൽ മദ്യപാനം അനുവദിക്കില്ലെന്ന കർശന നിലപാടിലാണ്.

നാളെ ഇന്ത്യൻ സമയം രാത്രി 9.30 നാണ് ലോകകപ്പിലെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറുമാണ് ഏറ്റുമുട്ടുന്നത്. ആദ്യദിനം ഇൗ മത്സരം മാത്രമാണുള്ളത്

Advertisment