Advertisment

രണ്ടര വർഷക്കാലം ദുരിതം പേറിയ മലപ്പുറം സ്വദേശി സൗദിയിൽ നിന്ന് നാട്ടിലെത്തി; തുണയായത് ഇന്ത്യൻ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങ്

New Update

publive-image

Advertisment

തബൂക്ക്: ഹൗസ് ഡ്രൈവർ വിസയിൽ തബൂക്കിലെത്തി രണ്ടര വർഷത്തോളം കഷ്ടതയനുഭവിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിങ്ങിന്റെ അവസരോചിതമായ ഇടപെടൽ മൂലം മോചിതനായി ജന്മനാട്ടിലേക്ക് യാത്രയായി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ.കെ. സുഫൈദ് ആണ് സന്നദ്ധ പ്രവർത്തകരുടെ കൃത്യമായ ഇടപെടലിലൂടെ മോചിതനായത്.

നാട്ടിലെ സുഹൃത്തിന്റെ പരിചയത്തിൽ തരപ്പെടുത്തിയ വിസയിലാണ് സുഫൈദ് തബൂക്കിൽ ഡ്രൈവർ ജോലിക്കെത്തിയത്. എന്നാൽ പുതിയ ആളെന്ന നിലയിലും പുറമെയുള്ള ആളുകളുമായി ഇടപെടാൻ പോലും കഴിയാതിരുന്ന അവസ്ഥയിലായിരുന്നു ജോലി. എല്ലാം സഹിച്ച് എട്ടു മാസത്തോളം ജോലിചെയ്തു പോന്നു. അതിനിടെ തനിക്കെതിരെയുണ്ടായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി ചോദ്യം ചെയ്യുകയും സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്തു.

പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സുഫൈദിനോട് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ചു ജാമ്യത്തിനുള്ള സംവിധാനം ഒരുക്കാൻ പറയുകയായിരുന്നു. സ്‌പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തിന്റെ ജാമ്യത്തിൽ പുറത്തിറങ്ങി.

ഇതിനിടെ ഹുറൂബിലാവുകയും ചെയ്തതോടെ സ്‌പോൺസറുടെ വീട്ടിൽ ജോലിയില്ലാതാവുകയും മറ്റു തൊഴിലെടുക്കാനോ നാട്ടിലേക്കു പോകാനോ സാധിക്കാതെ സുഹൃത്തിന്റെ കൂടെയാണ് മാസങ്ങളോളം കഴിച്ചു കൂട്ടിയത്. നിസ്സഹായനായ സുഫൈദ് പല സന്നദ്ധ സംഘടനകളെയും ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. സ്‌പോൺസറുടെ കയ്യിൽ നിന്നും പാസ്സ്‌പോർട്ട് തിരികെ വാങ്ങി എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹവും നടന്നില്ല.

പിന്നീട് സുഫൈദിന്റെ നാട്ടുകാരനായ സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കർണ്ണാടക സ്റ്റേറ്റ് ഭാരവാഹിയായ അബ്ദുല്ലത്തീഫ് മംഗലാപുരത്തെ ബന്ധപ്പെടുകയും അദ്ദേഹം മുഖേന പോലീസ് സ്റ്റേഷനിലും ബന്ധപ്പെട്ട ഓഫീസുകളിലും കയറിയിറങ്ങി സുഫൈദിന്റെ നിസ്സഹായത അവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചു. സോഷ്യൽ ഫോറം വളണ്ടിയർമാരായ അജ്മൽ ഷാ കൊട്ടാരക്കര, ഇല്യാസ് തൊട്ടിയൻ എന്നിവർ സുഫൈദിന് താമസസൗകര്യവും ഭക്ഷണവും ഒരുക്കുകയും ചെയ്തു.

ലത്തീഫ് മംഗാലാപുരം, സോഷ്യൽ ഫോറം തബൂക്ക് മേഖല കോഓർഡിനേറ്റർ ഷാജഹാൻ കുളത്തൂപ്പുഴ എന്നിവരുടെ തുടർച്ചയായുള്ള ശ്രമത്തിലൂടെ ഹുറൂബ് നീക്കികിട്ടുകയും എക്സിറ്റ് ലഭിക്കുകയും ചെയ്തു. തബൂക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹിയായിരുന്ന മഞ്ചേരി മുനിസിപ്പൽ കൗൺസിലർ മുജീബ് റഹ്‌മാൻ വടക്കീടൻ സുഫൈദിനുള്ള യാത്ര രേഖകൾ കൈമാറി.

ആദ്യമായി ഗൾഫിൽ ജോലിക്കെത്തി രണ്ടര വർഷത്തോളം അനുഭവിച്ച കഷ്ട്ടതയിൽ നിന്നും മോചിതനായ സുഫൈദ് സുമനസ്സുകളുടെ കാരുണ്യം കൂടി ലഭിച്ചു കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ജന്മനാട്ടിലേക്കു മടങ്ങി.

saudi news
Advertisment