Advertisment

"സ്വദേശികൾക്കെന്ന പോലെ പ്രവാസികൾക്കും തൊഴിലവസരം സൃഷ്ടിക്കും": ജെഎൻഎച്ച് മേധാവി വി.പി മുഹമ്മദലി

New Update

publive-image

Advertisment

ജിദ്ദ: റിയാദിൽ അൽമൻസൂറ ഏരിയയിൽ ആരംഭിക്കാനിരിക്കുന്ന ജെഎൻഎച്ച് (ജിദ്ദാ നാഷണൽ ഹോസ്പിറ്റൽ) കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം ഉപചാരപൂർവം അരങ്ങേറി. അത്യാധുനിക ആരോഗ്യ സൗകര്യങ്ങളോട് കൂടിയ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ആതുരാലയ ശൃംഖലയായ ജെഎൻഎച്ച് സൗദി തലസ്ഥാന നഗരത്തിൽ തുറക്കാൻ ഉദ്യേശിക്കുന്നത്.

കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, ജെഎൻഎച്ച് ഗ്രൂപ്പ് മേധാവി വി.പി മുഹമ്മദലി എന്നിവർ ചേർന്ന് നിർവഹിച്ചു.

സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിലെ മറ്റൊരധ്യായമാണ് റിയാദിൽ പുതുതായി ഉയരാനിരിക്കുന്ന ജെഎൻഎച്ച് മൾട്ടി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി നാൾക്കുനാൾ വിപുലമായിക്കൊണ്ടിരിക്കുന്ന ഇൻഡോ - സൗദി ബന്ധത്തിലെ ഉജ്ജ്വലമായ മറ്റൊരു ഉദാഹരണമായിരിക്കുമെന്ന് അംബാസിഡർ ഡോ. ഔസാഫ് സഈദ് വിശേഷിപ്പിച്ചു.

2024 അവസാനത്തിലോ 2025 ആദ്യത്തിലോ പ്രവർത്തനം ആരംഭിക്കാൻ ഉദ്യേശിക്കുന്ന റിയാദിലെ ആശുപത്രി ആയിരത്തിലേറെ പേർക്ക് തൊഴിൽ നൽകുന്നതായിരിക്കും. ഇതിൽ സ്വദേശി പൗരന്മാർ വലിയ തോതിൽ ഉണ്ടാകുമെന്ന പോലെ പ്രവാസികൾക്കും പരമാവധി തൊഴിലവസരം നൽകുമെന്നും ചടങ്ങിൽ സംസാരിക്കവേ ജെഎൻഎച്ച് ചെയർമാൻ വി.പി മുഹമ്മദലി പ്രസ്താവിച്ചു.

റിയാദ് ജെഎൻഎച്ച് ഒരു ജനകീയ ആതുരാലയമായി മാറണമെന്നാണ് തന്റെ അഭിലാഷമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ജെഎൻഎച്ച് ശ്രുംഖലയിലെ മൂന്നാമത്തെ വൻകിട ആശുപത്രിയായ റിയാദിലെ ആശുപത്രിയുടെ കെട്ടിടം ഒരാഴ്ചക്കകം നിർമാണം തുടങ്ങാനാണ് ഉദ്യേശിക്കുന്നത്.

മറ്റു രാജ്യങ്ങളിലുള്ളവർ പുതുതായി സൗദിയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മികച്ച നിക്ഷേപ സാധ്യതകളും അവസരങ്ങളും ഉപയോഗപ്പെടുത്താൻ താല്പര്യം കാണിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ആരോഗ്യ മേഖലയ്ക്ക് പുറമെ മറ്റു രംഗങ്ങളിലും നിക്ഷേപം നടത്താൻ ആലോചനയുണ്ടെന്നും ജെഎൻഎച്ച് മേധാവി തുടർന്നു.

ജെഎൻഎച്ച് അഡ്‌മിനിസ്ട്രേഷൻ മാനേജർ അഹമ്മദ് അൽസഹറാനി, റിയാദിലെ അൽറയാൻ ക്ലിനിക് ചീഫ് എക്സിക്യൂട്ടിവ് മാനേജർ മുഹമ്മദ് മൻസൂർ, മലയാളി ബിസിനസ്സുകാരനായ സലീം മുല്ലവീട്ടിൽ, അൻസർ എന്നിവർ തറക്കല്ലിടൽ പരിപാടിയിൽ സന്നിഹിതരായി.

Advertisment