Advertisment

വ്യാജ ഉംറ ട്രിപ്പ് നടത്തിയതിന് റിയാദിൽ എട്ട് ഇന്ത്യക്കാർ അറസ്റ്റിൽ

New Update

publive-image

Advertisment

ജിദ്ദ: വഞ്ചനയും ചൂഷണവും ലക്ഷ്യമാക്കി വ്യാജ ഉംറ ട്രിപ്പ് സർവീസ് നടത്തി വരികയായിരുന്ന എട്ട് പേരെ പിടികൂടിയതായി റിയാദ് പ്രവിശ്യാ പോലീസ് അറിയിച്ചു. പിടിയിലായവർ മുഴുവൻ ഇന്ത്യൻ പ്രവാസികളാണ്. താമസ - തൊഴിൽ നിയമ ലംഘകരായി കഴിയുന്നവരാണ് ഇവരെന്നും പോലീസ് തുർന്നു. ഫോട്ടോ കോപ്പി - പ്രിന്റിംഗ് സെന്ററുകളായ നാല് ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു കുറ്റവാളികളുടെ ഉംറ ബിസിനസ്.

അറസ്റ്റിലായവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. അതേസമയം, ഏത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായതെന്നോ മറ്റോ ഉള്ള വിശദ വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിൽ നിന്ന് തീർത്ഥാടകരെ കൊണ്ടുവരുന്ന ഗ്രൂപ്പുകളുടെ ആളുകളെയാണോ പിടികൂടിയതെന്ന് സംശയവും നിലനിൽക്കുന്നുണ്ട്.

ഉംറ തീർത്ഥാടകർക്കായി 350 ഓളം ഉംറ കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും തീർത്ഥാടകരുടെ ആഗമനം മുതൽ ഉംറയുടെ കർമ്മങ്ങൾ മുഴുവൻ പൂർത്തിയാക്കി സ്വദേശത്തേക്ക് പുറപ്പെടുന്നത് വരെ എല്ലാ കാര്യങ്ങളും പ്രയാസരഹിതക്കുന്നതിനുള്ള മികച്ച ഏർപ്പാടുകളാണ് പ്രസ്തുത സ്ഥാപനങ്ങളിലൂടെ നടന്നു പോരുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

സൗദി ടൂറിസം അതോറിറ്റിയുടെയും ഹജ്ജ് - ഉംറ മന്ത്രാലയത്തിന്റെയും മേൽനോട്ടത്തിലുള്ള “നുസ്‌ക്" പ്ലാറ്റ്ഫോം വഴിയും ഉംറ പാക്കേജുകൾ ബുക്ക് ചെയ്യാനും പേക്കേജുകൾ, സേവന ദാതാക്കൾ, മാർക്കറ്റിംഗ് വിവരങ്ങൾ എന്നിവ അവലോകനം ചെയ്യാനും അനുയോജ്യമായത് സ്വീകരിക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. എന്നുമാത്രമല്ല, ഇത്തവണ നിർമിത ബുദ്ധി ഉൾപ്പെടയുള്ള സാധ്യമായ എല്ലാ ശാസ്ത്രീയവും സാങ്കേതികവുമായ മികവോടെയാണ് ഉംറയുടെ സംഘാടനം എന്നും അധികൃതർ വിശദീകരിച്ചു.

ഇതൊക്കെ ഉണ്ടായിട്ടും വ്യാജ സംഘങ്ങളുടെ വഞ്ചനാപരമായ വാഗ്ദാനങ്ങളിലും നീക്കങ്ങളിലും തീർത്ഥാടകർ വീഴരുതെന്നാണ് അധികൃതർ ഓർമപ്പെടുത്തി കൊണ്ടിരിക്കുന്നത്.

Advertisment