Advertisment

മേഖലയിലെ പ്രശ്നങ്ങളുടെ മർമം ഇറാൻ; പട നയിച്ചത് സൗദിയും; ഇരുവരും സൗഹൃദത്തിലാവുന്നതോടെ മിഡില്‍ ഈസ്റ്റ് അസ്വസ്ഥമുക്തമാവും

New Update

publive-image

Advertisment

ജിദ്ദ: അറബ്, മുസ്ലിം, മിഡില്‍ ഈസ്റ്റ് മേഖലയിലെ നീറുന്ന രാഷ്ട്രീയ - സുരക്ഷാ പ്രതിസന്ധികളുടെ മർമം ഇറാൻ നടത്തുന്ന നീക്കങ്ങളായിരുന്നു. മറുഭാഗത്തുള്ളവർക്ക് നായകത്വം നൽകിയത് സൗദി അറേബ്യയും. ഈ ശാത്രവത്തിൽ നിന്ന് പരമാവധി നേട്ടം കൊയ്യാൻ ഇസ്രയേലും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. ഇതായിരുന്നു ഇതേ വരെയുള്ള ചിത്രം. എന്നാൽ ചൈനയുടെ മധ്യസ്ഥതയിൽ സൗദിയും ഇറാനും സൗഹൃദത്തിന്റെ വഴിയിൽ വീണ്ടും തിരിച്ചെത്തുന്നതോടെ വരും കാല രാഷ്ട്രീയ - സുരക്ഷാ ചിത്രം എന്തായിരിക്കുമെന്ന് കണ്ടുതന്നെ അറിയണം.

ഇതിനകം ചരിത്രമായി മാറിയ സൗദി - ഖത്തർ പ്രശ്നത്തിലും മുഖ്യ ഘടകം ഇറാൻ ആയിരുന്നു. ഇറാൻ തന്നെയായിരുന്നു യമൻ പ്രശ്നത്തിലും മർമം. സിറിയൻ പ്രശ്നവും ലബനാൻ, ഇറാഖ് പ്രശ്നങ്ങളും മറ്റൊന്നായിരുന്നില്ല. ഇവയിലെല്ലാം ഇറാൻ വിരുദ്ധ നിലപാടുകളുടെ നായകത്വം വഹിച്ച സൗദി എടുക്കുന്ന സുപ്രധാന തീരുമാനങ്ങൾ മറ്റു നിരവധി രാജ്യങ്ങൾക്ക് സ്വീകാര്യവും മാതൃകയുമായി മാറുകയും ചെയ്യും. അതാണ് മിഡിൽ ഈസ്റ്റ് രാഷ്ട്രീയം.

publive-image

ഖത്തറുമായി സൗദിയ്ക്ക് വഴി പിരിയേണ്ടി വന്നപ്പോൾ അത് തന്നെ ചെയ്യാൻ നിരവധി മുസ്ലിം, അറബ് രാജ്യങ്ങൾക്ക് ആലോചിച്ച് നിൽക്കേണ്ടി വന്നിരുന്നില്ല. യു എ ഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ സൗദിയെടുക്കുന്ന നിലപാടുകൾക്ക് പിന്തുണ നൽകാനാണ് പതിവ്. വർഷങ്ങൾക്ക് ശേഷം സൗദി - ഖത്തർ പ്രശ്നം തീർന്നപ്പോൾ ഈ മറ്റു രാജ്യങ്ങളും മെല്ലെ മെല്ലെ നിലപാട് തിരുത്തി.

ഇപ്പോൾ വിരോധങ്ങൾ വിട്ട് സൗഹൃദങ്ങൾ പുനഃസ്ഥാപിക്കുന്ന കാലാമാണ്. അവിടെയും സൗദിയുടെയും ഇറാന്റെയും നിലപാടുകൾ തന്നെയാണ് മേഖലയ്ക്ക് പൊതുവെ മാതൃക. ബീജിങ്ങിൽ വെച്ച് കഴിഞ്ഞ മാസം ഇറാനും സൗദിയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതോടെ മേഖലയിലെ മിക്ക പ്രശ്നങ്ങളിലും മഞ്ഞുരുകാൻ തുടങ്ങി. മുഖ്യ വിഷയം യമനിൽ ഹൂഥി കലാപകാരികൾ ഉയർത്തുന്ന പ്രശ്നങ്ങൾ തന്നെ. വർഷങ്ങൾ നീണ്ട സായുധ ഏറ്റുമുട്ടലുകൾക്ക് സൗദി - ഇറാൻ സൗഹൃദം ഫുൾ സ്റ്റോപ്പ് ഇടുമെന്ന പ്രത്യാശയിലാണ് മേഖലയും ലോകവും.

അതിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങി. ഒമാൻ മധ്യസ്ഥനായി യമനിൽ ശാശ്വത സമാധാനം കൈവരിക്കാനുള്ള ലക്ഷ്യവുമായി സൗദി സംഘം യമനിലെത്തി ചർച്ചകൾക്ക് തുടക്കം കുറിച്ചതും വെടിയൊച്ചയും സ്ഫോടന മുഴക്കവും നിലച്ച മേഖലയായി അറബ് പ്രദേശങ്ങളെ മാറ്റിയെടുക്കാനുള്ള ശ്രമം ആയാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ മനസ്സ് വെച്ചാൽ അതൊരു നടക്കാത്ത കാര്യവുമല്ല.

മറ്റൊന്ന്, സിറിയയുമായുള്ള പോരും തർക്കവുമാണ്. സിറിയൻ ഭരണകൂടവും പ്രസിഡണ്ട് ബശ്ശാർ അൽഅസദും ഇറാൻ അനുകൂലമാണ്. പ്രസ്തുത പശ്ചാത്തലത്തിൽ അറബ് ലീഗിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പുറം തള്ളിയ സിറിയയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ അൽമിഖദാദ് എന്നിവർ തമ്മിൽ കഴിഞ്ഞ ദിവസം ജിദ്ദയിൽ കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയുണ്ടായി. സൗദിയുടെ ക്ഷണപ്രകാരമായിരുന്നു സിറിയൻ വിദേശകാര്യ മന്ത്രിയുടെ ജിദ്ദാ സന്ദർശനം. ചർച്ചകൾക്ക് ശേഷം ഇരുവരും സംയുക്ത പ്രസ്താവന ഇറക്കുകയുമുണ്ടായി.

publive-image

സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെത്തിക്കൽ, സിറിയയുടെ ഐക്യം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ പരിഹാരം കണ്ടെത്തൽ എന്നിവ സൗദി - സിറിയ ചർച്ചയിൽ വിഷയങ്ങളായി. സിറിയയുടെ ഐക്യം, സുരക്ഷ, സ്ഥിരത, അറബ് ഐഡന്റിറ്റി, പ്രാദേശിക അഖണ്ഡത എന്നിവ പരിരക്ഷിക്കുന്ന വിധത്തിൽ സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനുള്ള ശ്രമങ്ങളെ കുറിച്ച് ഇരുപക്ഷവും തമ്മിൽ ചർച്ചകൾ നടത്തിയതായും സംയുക്ത പ്രസ്താവന വെളിപ്പെടുത്തി.

റിയാദിലും ഡമാസ്കസിലും പരസ്പരം നയതന്ത്ര കാര്യാലയങ്ങൾ തുറക്കൽ, ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള ഗതാഗതം പുനഃസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന അറിയിച്ചു. സിറിയയിലെ മാനുഷിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക, മാനുഷിക സഹായം എത്തിക്കുന്നതിന് ഉചിതമായ മാർഗങ്ങൾ കണ്ടെത്തുക എന്നിവയും ചർച്ചയായി.

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു സിറിയൻ നേതാവ് ഔദ്യോഗിക സ്വഭാവത്തോടെ സൗദിയിലെത്തുന്നതും ചർച്ചകളിൽ വ്യാപൃതനാവുന്നതും. സിറിയൻ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ സിറിയൻ വിദേശകാര്യ മന്ത്രി അഭിനന്ദിക്കുകയും ഭൂകമ്പം ബാധിച്ചവർക്ക് മാനുഷിക സഹായം നൽകാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

Advertisment