Advertisment

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മക്കയിലെ കിസ്‌വ ഫാക്ടറി സന്ദർശിച്ചു

New Update

publive-image

Advertisment

മക്ക: വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കഅബയെ പുതപ്പിക്കുന്ന പുടവ നിർമിക്കുന്ന മക്കയിലെ പ്രശസ്തമായ കിസ്‌വ നിർമാണ ഫാക്ടറി സന്ദർശിച്ചു. തങ്ങളുടെ പുത്രൻ സയ്യിദ് സിദ്ധീഖലി ശിഹാബ് തങ്ങളും കൂടെയുണ്ടായിരുന്നു. ഫാക്ടറിയിലെത്തിയ തങ്ങളെയും സംഘത്തെയും ഫാക്ടറി മേധാവി അഹമ്മദ് ബിൻ മുസാഹിദ് അൽ സുവൈരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു.

ഫാക്ടറിയുടെ കിസ്‌വ നിർമാണപ്രവർത്തനങ്ങളും ചരിത്രവും അധികൃതർ വിശദീകരിച്ചു കൊടുത്തു. കിസ്‌വ തുന്നുന്നതിനുള്ള സൗകര്യവും ഒരുക്കി. തങ്ങൾ തുന്നിയ ഭാഗം അടുത്ത തവണ കഅബയെ പുതപ്പിക്കുന്ന കിസ്‌വയിൽ ഉൾപ്പെടുത്തുമെന്ന് ഫാക്ടറി മേധാവി പറഞ്ഞു.

ഇസ്‌ലാമിലെ ഏറ്റവും പുണ്യഗേഹമായ കഅബയെ പുതപ്പിക്കുന്ന കലർപ്പില്ലാത്ത കറുത്ത പട്ടും സ്വർണ്ണ, വെള്ളി നൂലുകളും ഉപയോഗിച്ച് നെയ്‌തെടുക്കുന്നതാണ് കിസ്‌വ. എല്ലാ വർഷവും ഹജ്ജ് തീർത്ഥാടന സീസണിൽ പുത്തൻ പുടവ മന്ദിരത്തെ അണിയിക്കുന്നു. സൗദി സർക്കാരിന്റെ കീഴിലുള്ള മക്കയിലെ കിസ്‌വ ഫാക്ടറിയിലാണ് കിസ്‌വ നിർമ്മിക്കുന്നത്. കഅബയെ മൂടുന്ന തുണിയായ കിസ്വയുടെ നിർമ്മാണത്തിന് സൗദി സർക്കാർ വൻ തുകയാണ് വകയിരുത്തുന്നത്

ജിദ്ദ കെ എം സി സി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് , ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, കെ എം സി സി പ്രവർത്തകരായ എ കെ ബാവ, ജാഫർ കുറ്റൂർ, ഹബീബ് കല്ലൻ, നൗഷാദ് ചേറൂർ, അൻവർ സാദത്ത് തുടങ്ങിയവരും തങ്ങളെ അനുഗമിച്ചു.

Advertisment