Advertisment

ജിദ്ദയിലെ സിയാറത്ത് സംഘാടകനായ മലയാളി ത്വായിഫിൽ വാഹനമിടിച്ച് മരിച്ചു

New Update

publive-image

Advertisment

ജിദ്ദ: മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായ മലയാളി വാഹനമിടിച്ച് മരണപ്പെട്ടു. കോഴിക്കോട്, കൊടുവള്ളി സ്വദേശിയും ഉണ്ണിമോയി കുനിപ്പാലിൽ മകനും ജിദ്ദയിലെ ശറഫിയയിൽ പ്രവർത്തിക്കുന്ന മൗലാന മദീന സിയാറ സ്ഥാപന നടത്തിപ്പുകാരനുമായ ഖാദര്‍ മുസ്‌ലിയാര്‍ (50) ആണ് മരിച്ചത്. ഭാര്യ: നദീറ. മക്കൾ: സവാദ്, സാബിത്ത്, ഫാത്തിമ സൻവ. സഹോദരങ്ങൾ: ഔഫ്, ഖിറാഷ്, ഹാരിസ്, ഉനൈസ്.

വെള്ളിയാഴ്ച രാവിലെ ത്വയിഫിൽ വെച്ചായിരുന്നു സംഭവം. പതിവ് പോലെ ജിദ്ദയിൽ നിന്ന് രണ്ടു ബസ്സുകളിലായി സന്ദര്ശകരെയും കൊണ്ട് ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കാൻ പോയതായിരുന്നു. ജുമുഅക്ക് മുമ്പായി പതിനൊന്നരയോടെ വിവിധ ചരിത്രസ്ഥലങ്ങൾ സന്ദർശിച്ച് വിശദീകരണം നല്‍കിയശേഷം റോഡ് മുറിച്ചുകടക്കവെ അതിവേഗത്തില്‍ വന്ന കാര്‍ കൊടുവള്ളി ഖാദർ മുസ്ലിയാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചു പോയ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു.

സന്ദർശന വിസയിലെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അപകടം നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നു. മൃതദേഹം ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Advertisment