Advertisment

"ബഹിരാകാശത്ത് നിന്ന് അസ്സലാമു അലൈക്കും": ആദ്യ വീഡിയോ ക്ലിപ്പിൽ സൗദി ബഹിരാകാശ യാത്രികർ; അതിരുകളറിയാത്ത കുതിപ്പിൽ ആകാശവും ഭേദിച്ച് സൗദി അറേബ്യ

New Update

publive-image

Advertisment

ജിദ്ദ: സൗദി സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങൾക്ക് ആകാശം പോലും അതിരുകളല്ല. ആകാശാതിർത്തികളും ഭേദിച്ച് ബഹിരാകാശത്തേക്ക് കുതിച്ച സൗദി അറേബ്യ മുസ്ലിം - അറബ് - മൂന്നാം ലോക രാജ്യങ്ങളുടെ അഭിമാനവുകയാണ്. ആദ്യമായി ഒരു അറബ് - മുസ്ലിം വനിത കൂടി ഉൾപ്പെടുന്ന സൗദി ബഹിരാകാശ സംഘം തങ്ങളുടെ സ്ത്രീശാക്തീകരണം ഗുരുത്വാകർഷണത്തിന് പോലും വഴങ്ങുന്നതല്ലെന്ന് ഉൽഘോഷിക്കുകയാണ്.

സൗദി ബഹിരാകാശ ഗവേഷകരുടെതായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേയ്ക്ക് വീഡിയോയും സന്ദേശങ്ങളും അയച്ചു തുടങ്ങി. ഈ നേട്ടം മാറോടണച്ച ആദ്യത്തെ അറബ് മുസ്ലീം വനിത എന്ന നിലയിൽ റയാനാ ബർനാവി തന്റെ ആദ്യ സന്ദേശം ആരംഭിച്ചതിങ്ങിനെ: "ബഹിരാകാശത്ത് നിന്ന് നേരുന്നു - "അസ്സലാമു അലൈക്കും" (നിങ്ങൾക്ക് സമാധാനമായിരിക്കട്ടേ)". ഈ ചരിത്ര യാത്രയിൽ ഭാഗമായത് വലിയൊരു ആദരവാണ്".

"സൗദി സ്പേസ് അതോറിറ്റി" തിങ്കളാഴ്ച രാവിലെ ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ബഹിരാകാശ യാത്രികരുടെതായി ആദ്യ ക്ലിപ്പ് പ്രസിദ്ധീകരിച്ചത്. സഹയാത്രികനായ മേജർ അലി അൽഖർനിയും ബർണാവിയുടെ ആശംസ ഏറ്റുപറഞ്ഞു കൊണ്ട് അരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

ഫ്ലോറിഡയിലെ കേപ് കനാവെറലിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് ശനിയാഴ്ച അര്‍ധരാത്രി സൗദി സമയം 12.37 നാണ് റോക്കറ്റ് കുതിച്ചുയർന്ന സംഘം സൗദി സമയം തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ ബഹിരാകാശ നിലയത്തിലെത്തി. പത്ത് ദിവസം സംഘം ബഹിരാകാശ നിലയത്തിലുണ്ടാവുന്ന സംഘം, ഇരുപതോളം പരീക്ഷണങ്ങള്‍ നടത്തും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ (സീറോ ഗ്രാവിറ്റി)യില്‍ മൂലകോശങ്ങളുടെ (സ്‌റ്റെം സെല്‍) പ്രവര്‍ത്തനത്തെകുറിച്ചുള്ള പരീക്ഷണമാണ് അതില്‍ പ്രധാനം.

publive-image

2018ല്‍ സ്ഥാപിതമായ സൗദി സ്‌പെയ്‌സ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ പേരെ ബഹിരാകാശത്ത് അയക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് നാല് പേര്‍ അമേരിക്കയില്‍ പരിശീലനം നടത്തി. അതില്‍നിന്നാണ് റയാനയും, അലിയും ആദ്യ ദൗത്യത്തിന് പുറപ്പെടുന്നത്.

ഞായറാഴ്ച വൈകുന്നേരം യുഎസിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് നിർമ്മിച്ച ഫാൽക്കൺ 9 മിസൈൽ ആണ് ആദ്യ സൗദി ബഹിരാകാശ സംഘാംഗങ്ങളായ റയാന ബർണവിയെയും മേജർ അലി അൽ ഖർനിയെയും വഹിച്ച് ആകാശങ്ങൾക്കപ്പുറത്തേയ്ക്ക് കുതിച്ചത്. നാസ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണും അമേരിക്കൻ സംരംഭകൻ ജോൺ ഷോഫ്‌നറും ബഹിരാകാശ യാത്രാസംഘത്തിൽ ഉണ്ട്. പെഗ്ഗി വിറ്റ്‌സന്റേത് ഇത് നാലാമത് ബഹിരാകാശ സഞ്ചാരമാണ്. പൈലറ്റ് എന്ന നിലയിലുള്ള ദൗത്യമാണ് ഷോഫ്‌നര്‍ക്ക്.

നിലവില്‍ ബഹിരാകാശ നിലയില്‍ ഏഴ് സഞ്ചാരികള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സ്‌പെയ്‌സ് വാക് നടത്തിയ ആദ്യ അറബ് പൗരനായ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയാണ് അതിലൊരാള്‍. കഴിഞ്ഞ മാസാണ് സുല്‍ത്താന്‍ സ്‌പെയ്‌സ് വാക് നടത്തിയത്. അദ്ദേഹത്തെ കൂടാതെ മൂന്ന് റഷ്യക്കാരും മൂന്ന് അമേരിക്കക്കാരും ബഹിരാകാശ നിലയത്തിലുണ്ട്.

നാസയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേര്‍ന്നുള്ള രണ്ടാത്തെ ദൗത്യമാണിത്. 2022 ഏപ്രിലില്‍ നടത്തിയ ആദ്യ ദൗത്യത്തില്‍ മുന്‍ നാസ ആസ്‌ട്രൊനോട്ട് മൈക്കിള്‍ ലോപസ് അലെഗ്രിയ അടക്കം നാല് പേരെ ബഹിരാകാശ നിലയത്തിലെത്തിച്ചു. 17 ദിവസമാണ് അവര്‍ അവിടെ കഴിഞ്ഞത്. ബഹിരാകാശത്ത് സ്വന്തമായി നിലയം സ്ഥാപിക്കാനുള്ള ഒരുക്കത്തലാണ് ആക്‌സിയോം സ്‌പെയ്‌സ്. 2025ല്‍ ഇതിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിക്കുമെന്നാണ് കരുതുന്നത്.

Advertisment