Advertisment

ഇസ്‌ലാം ആശ്ലേഷിച്ച "കാസനോവ" ഫെയിം സഞ്ജന ഗല്‍റാണി ഉംറ നിർവഹിച്ച് മക്കയിൽ; "സങ്കടപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു"

New Update

publive-image

Advertisment

മക്ക: മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിലൂടെ പ്രസിദ്ധയായ നടി സഞ്ജന ഗല്‍റാണി കുടുംബ സമേതം വിശുദ്ധ ഉംറ നിർവഹിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇവർ ഇസ്‌ലാം സ്വീകരിച്ചത്.

ഭർത്താവ് ഡോ. അസീസ് പാഷ, മകൻ എന്നിവർക്കൊപ്പം പുണ്യ ഭൂമിയിൽ എത്തിയ സഞ്ജന ഗൽറാണി മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി.

ഹിന്ദു കുടുംബത്തില്‍ ജനിച്ച സഞ്ജന തന്റെ മതംമാറ്റം വിവാദമാക്കുന്നവര്‍ക്ക് വിശദമായ മറുപടി നല്‍കിയിരുന്നു. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്ന താൻ ജീവിത വിജയം ഇസ്‌ലാമിലൂടെയാണ് എന്ന ബോധ്യത്തിൽ ആ ജീവിത രീതിയിൽ ആകൃഷ്ടയാവുകയായിരുന്നു. എല്ലാ മതങ്ങളോടും ആദരവ് പുലർത്താത്തവരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും സഞ്ജന ചൂണ്ടിക്കാട്ടി.

publive-image

നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചിലവഴിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഉംറ നിര്‍വ്വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്ത് അതീവ സങ്കടത്തിലും വൃഥയിലും മനോവേദനയിലും കഴിയുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിച്ചതായും സഞ്ജന ഗൽറാണി ഫേസ്ബുക്കിൽ രേഖപ്പെടുത്തി.

സഞ്ജന തന്നെയാണ് ഉംറ നിര്‍വ്വഹിക്കാനെത്തിയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വിവരങ്ങൾ പങ്കുവച്ചത്. സഞ്ജനയുടെ ആദ്യ ഉംറയാണിത്. മക്കയിലെ താമസമുറിയില്‍ നിന്നും പുറത്തേക്കുള്ള കാഴ്ച അനുഭൂതിദായകമാണെന്നും ഹറമിലെ ഏറ്റവും മുകളിലെ കാഴ്ചകള്‍ കാണാവുന്ന തരത്തിലായിരുന്നു താമസമെന്നും സഞ്ജന സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘കാസനോവ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘ആറാട്ട്’ എന്നീ മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സഞ്ജന ഗല്‍റാണി. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

Advertisment