Advertisment

"സുലൈമാൻ സേട്ട് അനുസ്മരണമെന്നാൽ ഇന്ത്യയുടെ അരനൂറ്റാണ്ടുകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രം": ജിദ്ദ ഐഎംസിസി സേട്ട് സാഹിബ് പതിനെട്ടാം ചരമ വാർഷിക സംഗമം

New Update

publive-image

Advertisment

ജിദ്ദ: മുൻ പാർലമെന്റേറിയനും ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക പ്രസിഡണ്ടുമായ ഇബ്രാഹിം സുലൈമാനാണ് സേട്ട് സാഹിബിന്റെ പതിനെട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐഎംസിസി ജിദ്ദ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജിദ്ദ ഐഎംസിസി പ്രസിഡണ്ട് ഷാജി അരിമ്പ്രത്തൊടി അധ്യക്ഷതവഹിച്ചു. സുലൈമാൻ സേട്ടിനെ അനുസ്മരിക്കുന്നത് ഇന്ത്യയുടെ അരനൂറ്റാണ്ടുകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രം പറയുന്നതിന് തുല്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

ഐഎംസിസി ജിസിസി ചെയർമാനും ലോക കേരളസഭ അംഗവുമായ എഎം അബ്ദുല്ലകുട്ടി ഉദ്ഘാടനം ചെയ്തു. സുലൈമാൻ സേട്ട് സാഹിബ് സമകാലിക ഇന്ത്യൻ രാഷ്ട്രീയം സാന്നിധ്യം ആവശ്യപ്പെടുന്ന, നേതാവാണെന്നും, മുസ്ലിം നൂനപക്ഷ, പിന്നോക്ക ദളിത്‌ വിഭാഗത്തിന് വേണ്ടി മരണം വരെ അഹോരാത്രം ഓടിനടന്ന മഹാനായ നേതാവായിരുന്നുവെന്നും, അദ്ദേഹം അനുസ്മരിച്ചു.

പൊതു ജീവിതത്തിൽ ആദർശനിഷ്ഠയും വ്യക്തി ജീവിതത്തിൽ വിശുദ്ധിയും, ചെറിയ കാര്യങ്ങളിൽ പോലും സൂക്ഷ്മതയും പാലിച്ച മഹബൂബെമില്ലത്തിന്റെ നിലപാടിനൊപ്പം നിന്ന് പ്രവർത്തിക്കാനായതിൽ ഇപ്പോഴും അഭിമാനംകൊള്ളുന്നുവെന്നും അബ്ദുല്ലകുട്ടി പറഞ്ഞു.

ജിദ്ദയിലെ സാംസ്കാരിക രംഗത്തെ പ്രമുഖനും സേട്ട് സാഹിബുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്ന വ്യക്തിയുമായ ടിഎംഎ റഊഫ് മുഖ്യപ്രഭാഷണം നടത്തി. സുലൈമാൻ സേട്ട് നീതിക്കും, സത്യത്തിനും വേണ്ടി മരണം വരെ നിലയുറപ്പിച്ച സമുന്നത വ്യക്തിയായിരുന്നുവെന്നും, മൂന്നര പതിറ്റാണ്ട് പാർലമെന്റിൽ പിന്നോക്ക ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുകയും അതിനായി പൊതുസമൂഹത്തിൽ പ്രവർത്തിക്കുകയും ചെയ്ത നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അക്കാലത്തെ വിവിധ കലാപങ്ങളിലെ ഇരകളുടെ കണ്ണീരൊപ്പുകയും, അവർക്കായി അധികാരികളോട് കലഹിക്കുകയും ചെയ്ത സേട്ട്, ഇന്ത്യയിലെ ലോകം ഉറ്റു നോക്കിയ നേതാക്കളിൽ പ്രധാനിയാണ്. പലഘട്ടങ്ങളിലും അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൊണ്ട് കോൺഗ്രസിന്റെ നേതാക്കൾക്കുണ്ടാകുന്ന അമർഷം കാരണം പലകാര്യങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്താൻ മുസ്ലിം ലീഗിനെ പ്രേരിപ്പിച്ചുവെന്നും, അടുത്തബന്ധമുണ്ടായതിനാൽ തന്നെ അദ്ദേഹത്തിന്റെ ജീവചരിത്രം മനഃപാഠമാണെന്നും അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ടെന്നും റഊഫ് പറഞ്ഞു.

തുറന്നുവെച്ച പുസ്തകമായിരുന്നു സേട്ട് എന്നും, മരിക്കുന്നതുവരെ ഫാസിസത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്ത അദ്ദേഹത്തിൽ നിന്ന് ഇടതുപക്ഷം ഒരുപാട് കാര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടായിരുന്നുവെന്നും, ബാബരി മസ്ജിദ് വിഷയത്തിലും മറ്റും സേട്ടിന്റെ നിലപാടുകൾ ഇടതു മതേതര ശക്തികൾക്ക് ശക്തി പകരുന്നതായിരുന്നു എന്നും നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു.

വിവിധ സംഘടനാ പ്രതിനിധികളായ സലാഹ് കാരാടൻ (ഇന്ത്യൻ വെൽഫയർ അസോസിയേഷൻ), സാദിഖലി തുവ്വൂർ (ജിദ്ദ മീഡിയ ഫോറം), നസീർ വാവ കുഞ്ഞ് (ഹജ്ജ് വെൽഫയർ ഫോറം), കബീർ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), നാസർ ചാവക്കാട് (ഐഡിസി), ദിലീപ് താമരകുളം (പിസിഎഫ്‌), സിഎച്ച് ബഷീർ (തനിമ), അൻവർ വടക്കാങ്ങര (ജംഇയത്തുൽ അൻസാർ), കുഞ്ഞി മുഹമ്മദ് കൊടശ്ശേരി (ഒഐസിസി), ഹനീഫ ബർക (ഐസിഎഫ്‌) എന്നിവർ സംസാരിച്ചു.

സഹൽ കാളബ്രാട്ടിൽ ഖിറാഅത്ത് നടത്തി. എപി അബ്ദുൽ ഗഫൂർ സ്വാഗതവും സിഎച്ച് അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. മൊയ്തീൻ ഹാജി തിരൂരങ്ങാടി, മൻസൂർ വണ്ടൂർ, എംഎം അബ്ദുൽ മജീദ്, ഇബ്രാഹിം വേങ്ങര, ലുഖ്മാൻ തിരൂരങ്ങാടി, അബു കുണ്ടായി, അമീർ പുകയൂർ, ഷൗക്കത്തലി തുവൂർ, ഒസി ഇസ്മായിൽ, മുഹമ്മദലി എആർ നഗർ, മുഹമ്മദ്‌കുട്ടി ചേളാരി, സദഖത്ത് കടലുണ്ടി, ഇ നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment