Advertisment

പരിശീലനം പോലും നടത്താന്‍ കഴിയാതിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം; ഇന്നത്തെ മുംബൈയ്‌ക്കെതിരായ മത്സരം മാറ്റിവച്ചു; തീരുമാനം ഐഎസ്എല്ലിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ!

New Update

publive-image

Advertisment

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച്ച നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ സിറ്റി എഫ്‌സി മത്സരം മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാസ്കോയിലെ തിലക് മൈതാനിയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.

മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇന്നലെ നടക്കേണ്ടിയിരുന്ന എടികെ മോഹൻ ബഗാൻ – ബെംഗളൂരു എഫ്‍സി മത്സരവും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഗ്രൗണ്ടിലിറക്കാന്‍ താരങ്ങളെ തികയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ടീമുമായി ചര്‍ച്ചനടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ താരങ്ങളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മെഡിക്കൽ സംഘവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഐഎസ്എൽ അധികൃതർ വ്യക്തമാക്കി.

ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളെയും കോവിഡ് ബാധിച്ചുകഴിഞ്ഞു. എഫ്.സി. ഗോവ, ഒഡീഷ എഫ്.സി, ചെന്നൈയിന്‍, എ.ടി.കെ. മുംബൈ സിറ്റി, ടീമുകളിലെല്ലാം കോവിഡ് കേസുകളുണ്ട്. ഒരു മാച്ച് കമ്മിഷണറും പോസിറ്റീവായിട്ടുണ്ട്. കോവിഡ് ഭീതികാരണം കഴിഞ്ഞ രണ്ടുദിവസമായി പരിശീലനം നടത്തുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

‘ഇവിടെ ആരും ഫുട്ബോളിനെക്കുറിച്ചു സംസാരിക്കുന്നില്ല. കോവിഡിനെക്കുറിച്ചും ടീം ക്യാംപിൽ അതു പരത്തുന്ന ഭീഷണിയെക്കുറിച്ചുമാണു ചർച്ച. ഇവിടെ കളിക്കാരുടെ ജീവിതപങ്കാളികളും കുട്ടികളുമുണ്ട്. ഒരാൾ ഗർഭിണിയുമാണ്. മുറിക്കുള്ളിൽ പൂട്ടിയിടപ്പെട്ട കളിക്കാർ പരിശീലനമില്ലാതെ കളത്തിലിറങ്ങിയാൽ അതു നല്ല ഫുട്ബോളാവില്ല. പരുക്കുകൾ മാത്രമാവും ഫലം. അതു കളിക്കാരുടെ പ്രഫഷനൽ ജീവിതത്തെ ബാധിക്കും. സംഘാടകർ ഉചിതമായതു ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. കളിക്കാർ മത്സരത്തിനുള്ള മാനസികാവസ്ഥയിലല്ല.’ – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പറഞ്ഞു. ഇതിനു പിന്നാലെയാണ് മത്സരം മാറ്റിയത്.

നേരത്തെ എടികെ മോഹന്‍ ബഗാന്റെ മത്സരങ്ങള്‍ മാത്രം മാറ്റിവയ്ക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എഡു ബേഡിയ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ള എഫ്‌സി ഗോവ താരങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

‘ഒൻപതു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഇന്നലെ ഞങ്ങൾ കളത്തിലിറങ്ങേണ്ടി വന്നു. ഇന്നിതാ, മറ്റൊരു ടീമിന്റെ തുടർച്ചയായ രണ്ടാം മത്സരവും സമാനമായ കാരണത്താൽ നീട്ടിവച്ചിരിക്കുന്നു. ഇത് ആരെങ്കിലും എനിക്കൊന്ന് വിശദീകരിച്ചു തരാമോ? മായം ചേർത്ത ടൂർണമെന്റാണിത്.

കളിക്കാർക്ക് മത്സരിക്കാനുള്ള ആവേശവും ആഗ്രഹവും നഷ്ടമാകുകയാണ്. ഈ വർഷത്തെ പുതിയ ചട്ടങ്ങൾ കൊണ്ടുണ്ടായ ഏക ഗുണമാണിത്. മാർച്ച് മാസമായി ഈ ലീഗ് ഒന്ന് തീർന്നു കിട്ടാൻ കാത്തിരിക്കുകയാണ് എല്ലാവരും’ – എഡു ബേഡിയ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണമാണിത്.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ സമാന ആരോപണം ഉന്നയിക്കുന്നത്. മിക്ക ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും എടികെയ്ക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കുന്നത് എന്തിനാണെന്നായിരുന്നു ചോദ്യം. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്നത്തെ മത്സരം മാറ്റിവയ്ക്കാന്‍ ഐഎസ്എല്‍ അധികൃതര്‍ തീരുമാനിച്ചത്.

Advertisment