ദില്ലി: കാറപകടത്തില്‍ ഏറ്റ പരിക്കില്‍ നിന്ന് മുക്തനായി വരുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിനെ സന്ദര്‍ശിച്ച് മുന്‍ താരങ്ങളായ എസ് ശ്രീശാന്തും ഹര്ഭജന് സിംഗും സുരേഷ് റെയ്നയും. പന്തിനൊപ്പം പുഞ്ചിരിക്കുന്ന മുഖവുമായുള്ള ചിത്രം താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. റിഷഭ് പന്തിനോടുള്ള സാഹോദര്യവും സൗഹൃദവും വ്യക്തമാക്കുന്നതായിരുന്നു സുരേഷ് റെയ്നയുടെ ട്വീറ്റ്. റിഷഭ് എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് മുന്‍ താരങ്ങള്‍ ആശംസിച്ചു.
അപകടത്തെ തുടര്‍ന്ന് കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ സുഖംപ്രാപിച്ച് വരികയാണ് റിഷഭ് പന്ത്. ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികില്‍സകള്‍ താരം ചെയ്തുവരുന്നു. ഇപ്പോഴും ക്രച്ചസിന്റെ സഹായത്തോടെയാണ് അദേഹം നടക്കുന്നത്.
റിഷഭിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ ഏറെ പ്രതികൂലമായി ബാധിക്കുന്നത് ക്രിക്കറ്റ് ലോകം കണ്ടു. ഈ മാസം അവസാനം ആരംഭിക്കുന്ന ഐപിഎല്‍ പതിനാറാം സീസണും ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമടക്കം ഏറെ മത്സരങ്ങള്‍ റിഷഭിന് നഷ്ടമാകും.