Advertisment

കാന്‍ തൃശൂര്‍; രണ്ടാം ഘട്ട ഉദ്ഘാടനം ജനുവരി 7ന്

New Update

publive-image

Advertisment

തൃശൂര്‍: കാന്‍ തൃശൂരിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജനുവരി 7 ന് കേരളവര്‍മ്മ കോളേജ് അങ്കണത്തില്‍ രാവിലെ 9.45ന് റവന്യൂ മന്ത്രി കെ രാജന്‍ നിർവഹിക്കും. ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തി ചികിത്സിക്കുക, രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രോഗികളോടും രോഗങ്ങളോടുമുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക, ചികിത്സ ഉറപ്പുവരത്തുക, ക്യാന്‍സര്‍ മൂലമുള്ള മരണനിരക്ക് കുറയ്ക്കുക, രോഗാതുരത കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന സംയോജിത പദ്ധതിയാണ് കാന്‍ തൃശൂര്‍.

ഭവനസന്ദര്‍ശനത്തിലൂടെ ക്യാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ചും ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനായുള്ള പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ വഹിക്കുന്ന വ്യക്തികളെ മുന്‍കൂട്ടി കണ്ടെത്തി, രോഗനിര്‍ണയം ത്വരിതഗതിയിലാക്കുകയും ചികിത്സ നടത്തുകയും ചെയ്യുക, നിലവിലുള്ള ക്യാന്‍സര്‍ രോഗികളെ രോഗനിര്‍ണ്ണയം ചെയ്തിട്ടുള്ളവര്‍ക്കായി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പാലിയേറ്റീവ് കെയര്‍ പ്രവൃത്തികളും ശക്തിപ്പെടുത്തുക, ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ ക്യാന്‍സര്‍ പരിശോധന സൗകര്യവും ചികിത്സാ സൗകര്യവും വര്‍ദ്ധിപ്പിക്കുക/ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രോഗ സ്ഥിരീകരണ സംവിധാനങ്ങളും രോഗ ചികിത്സാ സംവിധാനങ്ങളും ശക്തിപ്പെടുത്തുകയും ഒന്നാം ഘട്ടത്തിലെ സ്‌ക്രീനിംഗ് സ്ഥിരീകരണ ക്യാമ്പുകള്‍ തുടരുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഭാഗമായി എല്ലാ താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികളിലും മാമ്മോഗ്രാം പരിശോധനാ സംവിധാനം, എല്ലാ ബ്ലോക്ക് തല ആരോഗ്യ സ്ഥാപനങ്ങളില്‍ വരെ ''എഫ്.എന്‍.എ.സി'' പരിശോധനാ സംവിധാനവും ഉറപ്പാക്കുന്നുണ്ട്. കൂടാതെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗചികിത്സക്കുള്ള കിടത്തി ചികിത്സാ സൗകര്യം ഉറപ്പാക്കുകയും ചെയ്യും.

ജില്ലയിലെ മുഴുവന്‍ ജനങ്ങളിലും ക്യാന്‍സറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (രോഗലക്ഷണങ്ങള്‍, നേരത്തെ കണ്ടു പിടിക്കുന്നത് എങ്ങിനെ, കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യം, ജില്ലയില്‍ ലഭ്യമാകുന്ന പരിശോധനാ ചികിത്സാ സംവിധാനങ്ങള്‍) എത്തിക്കുന്നതിനായി ഓരോ വീട്ടിലും അച്ചടിച്ച കൈപ്പുസ്തകം എത്തിക്കുന്നതോടൊപ്പം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം, എല്ലാ അങ്കണവാടി, ഹെല്‍ത്ത് സെന്റര്‍ മറ്റ് പൊതുസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ വിവിധ ക്യാന്‍സറുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സിനിമാ തിയ്യറ്റര്‍ വഴി ബോധവല്‍ക്കരണം, ഐഇസി വാന്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയവ സംഘടിപ്പിക്കും.

ഇതിലൂടെ സ്വയം രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിന് പ്രാപ്തരാകുന്ന ആളുകള്‍ക്ക് തങ്ങളുടെ തൊട്ടടുത്ത അങ്കണവാടികള്‍, ഹെല്‍ത്ത് സബ്ബ് സെന്ററുകള്‍, മറ്റു ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനക്കായി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ഉറപ്പാക്കുന്നുണ്ട്.

കാന്‍ തൃശൂര്‍ രണ്ടാം ഘട്ട ഉദ്ഘാടനം സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ കെ കുട്ടപ്പന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, ഡിഎംഒ ടെക്‌നിക്കല്‍ നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് പി കെ രാജു, ഡോക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment