Advertisment

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിക്ക് സ്വന്തം. നടത്തിപ്പ് കൈമാറിയതിനെതിരേ സർക്കാരും എംപ്ലോയീസ് യൂണിയനും നൽകിയ ഹർജികൾ തള്ളി ! ഉത്തരവ് വരുന്നത് അദാനി വിമാനത്താവളം ഏറ്റെടുത്ത് ഒരു വർഷത്തിനു ശേഷം. ലേലത്തിൽ പങ്കെടുത്ത് പരാജയപ്പെട്ട ശേഷം, കൈമാറ്റത്തെ എതിർക്കുന്നതിന് സംസ്ഥാന സർക്കാരിനെ രൂക്ഷമായി ആക്രമിച്ച് കേന്ദ്രം !

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്ത് ഒരു വർഷമായ ശേഷം, വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ ഹർജികൾ തള്ളി സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. വിമാനത്താവള കൈമാറ്റത്തെ എതിർത്ത് സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയനും നൽകിയ ഹർജികൾ തള്ളിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

എസ്.എ ബോബ്‌ഡെ സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് ആയിരുന്നപ്പോൾ നൽകിയ ഹർജികളാണ് ചീഫ് ജസ്​റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിച്ചത്. വിമാനത്താവളത്തിന്റെ കൈമാ​റ്റം നടന്ന സാഹചര്യത്തിൽ ഹർജികളിലെ ആവശ്യം അപ്രസക്തമായെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വാദിച്ചു.

വിമാനത്താവള നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറണമെന്ന് സർക്കാരും വാദമുന്നയിച്ചു. എന്നാൽ ഹർജികൾ അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അവ തള്ളുകയായിരുന്നു.


വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരായ നിയമയുദ്ധത്തിന്റെ അവസാന ഉത്തരവാണിത്.


അദാനി കഴിഞ്ഞ ഒക്ടോബറിൽ വിമാനത്താവളം ഏറ്റെടുത്തിരുന്നു. സുപ്രീംകോടതി വരെ നിയമയുദ്ധം നീണ്ടെങ്കിലും കൈമാറ്റത്തിന് സ്റ്റേയില്ലാത്തതിനാൽ അദാനിയുമായി കേന്ദ്രം പാട്ടക്കരാറൊപ്പിടുകയായിരുന്നു. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും സർക്കാരിന്റെ അനുമതിയില്ലാതെ ഇവിടെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് സർക്കാർ വാദിച്ചത്.

ലേലം റദ്ദാക്കി വിമാനത്താവള നടത്തിപ്പ് ചുമതല സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകണം അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം - ഇതാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്. എന്നാൽ കേന്ദ്രത്തിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് വിമാനത്താവളം കൈമാ​റ്റത്തിനുള്ള ലേലത്തിൽ പങ്കെടുത്ത് പരാജയപ്പെട്ട ശേഷം, കൈമാറ്റത്തെ എതിർക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിൽ ഹർജി അപ്രസക്തമാണെന്ന് കേന്ദ്രസർക്കാർ നിലപാടെടുക്കുകയായിരുന്നു.


വിമാനത്താവള നടത്തിപ്പ് കൈമാറണമെന്ന ആവശ്യമുന്നയിക്കാതെ, കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് ലേലത്തിൽ പങ്കെടുത്തതാണ് സർക്കാരിന് തിരിച്ചടിയായത്.


ആദ്യം ലേലത്തിൽ പങ്കെടുക്കാനൊരുങ്ങിയ നെടുമ്പാശേരി വിമാനത്താവള കമ്പനിയെ മാറ്റിനിറുത്തിയതും വിനയായി. ലേലത്തുകയും കേരളം നിർദേശിക്കുന്ന തുകയും തമ്മിൽ 10%വരെ വ്യത്യാസമുണ്ടായാലും വിമാനത്താവള നടത്തിപ്പിനുള്ള ആദ്യഅവകാശം കേരളത്തിന് നൽകാമെന്ന കേന്ദ്രത്തിന്റെ ഓഫർ അംഗീകരിച്ചതും തിരിച്ചടിയായി.

അദാനിയുടെ ക്വട്ടേഷൻ തുകയുമായുള്ള വ്യത്യാസം 19.3ശതമാനമായിരുന്നു. അദാനിക്ക് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ നിയമതടസമില്ലെങ്കിലും, പാട്ടക്കരാർ ഒപ്പിടുന്ന നടപടി പൂർത്തിയാക്കാനുള്ള സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നൽകില്ലെന്നാണ് സർക്കാർ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുള്ളതാണ് കരാർ.

സംസ്ഥാന സർക്കാർ, കെ.എസ്.ഐ.ഡി.സി, മുൻ സ്പീക്കർ എം. വിജയകുമാർ, എയർപോർട്ട് അതോറിട്ടി എംപ്ളോയീസ് യൂണിയൻ എന്നിവർ നൽകിയ ഹർജികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം ഇവിടെയല്ല ചോദ്യംചെയ്യേണ്ടതെന്നു വ്യക്തമാക്കി ഹൈക്കോടതി തള്ളിയിരുന്നു.

വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രതീരുമാനം പുനഃപരിശോധിച്ച് മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക് നൽകണമെന്ന് നിയമസഭ നേരത്തേ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

Advertisment