Advertisment

എൽഡി ക്ലർക്ക്, ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ലിസ്റ്റുകൾ വന്ന് ഒരുവർഷം കഴിയുമ്പോഴും നിയമനം തുടങ്ങുന്നില്ല. എൽഡി ക്ലാർക്ക് തസ്തികയിൽ 1,500 ഒഴിവുകൾ, ലാസ്റ്റ് ഗ്രേഡിന് 1,300 ഒഴിവും ! നിയമനം കാത്ത് കണ്ണും നട്ടിരിക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ! പിഎസ്‌സി ഒച്ചിഴയും പോലെ. റാങ്ക്‌ലിസ്റ്റിലുള്ളവരുടെ നെഞ്ചിടിപ്പ് ഏറുന്നു....

New Update

publive-image

Advertisment

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടും പിഎസ്‌സിയുടെ നിയമന നടപടികൾക്ക് ഒച്ചിഴയുന്ന വേഗം. എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് ആവശ്യമുയർന്നിട്ടും അനക്കമില്ല. റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലേറെയായി നിയമനം നടക്കാത്ത തസ്തികകളാണ് ഇവ രണ്ടും.

ഇരു തസ്തികകളിലേക്കുമുള്ള മുൻ റാങ്ക് ലിസ്റ്റുകൾ 2021 ആഗസ്റ്റ് 4 നാണ് റദ്ദായത്. ഇതിന് ശേഷം ഈ തസ്തികകളിൽ നിയമനം നടക്കാത്തതിനാൽ ഒഴിവുകൾ ഏറെയുണ്ട്

പിഎസ്‌സി വഴി സർക്കാർ സർവീസിലേക്ക് ഏറ്റവും കൂടുതൽ നിയമനം നടക്കുന്ന തസ്തികകളാണ് ഇവ രണ്ടും. ഇത്തവണ പരീക്ഷ രണ്ടു ഘട്ടമാക്കിയതോടെയാണ് ലിസ്റ്റ് നിലവിൽ വരാൻ കാലതാമസമുണ്ടായത്. മുൻവർഷങ്ങളിൽ ഒരു ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അടുത്ത ലിസ്റ്റ് നിലവിൽ വരുന്ന രീതിയാണ് ഉണ്ടായിരുന്നത്.


എൽഡി ക്ലാർക്ക് തസ്തികയിൽ 14 ജില്ലകളിലുമായി 1,500 ലേറെ ഒഴിവുകളാണ് നിലവിലുള്ളത്. ഇനിയും ഒഴിവുകൾ വർദ്ധിക്കാനാണ് സാദ്ധ്യത. ഇക്കഴിഞ്ഞ ആഗസ്റ്റ് 1നു നിലവിൽ വന്ന പുതിയ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിൽ 23,518 പേരുണ്ട്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിലാകട്ടെ 14 ജില്ലകളിലുമായി 16,227 പേരാണുള്ളത്. ഈ തസ്തികയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 1,300ലധികം ഒഴിവ് നിലവിലുണ്ട്.


റാങ്ക് ലിസ്റ്റ് നിലവിൽ വന്ന സാഹചര്യത്തിൽ നിയമന നടപടികൾ ഇഴയുന്നത് ഉദ്യോഗാർത്ഥികളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം ആരംഭിച്ചാൽ മാത്രമേ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് അഡൈ്വസ് അയക്കുന്നത് വേഗത്തിലാക്കാൻ കഴിയൂ. ഇതിലൂടെ മാത്രമേ റാങ്ക് പട്ടികയുടെ കാലാവധിക്കകത്ത് പരമാവധി പേർക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകൂ.


ഇക്കുറി ഇരട്ടപരീക്ഷ സമ്പ്രദായമായതിനാൽ സമാന യോഗ്യത ആവശ്യമുള്ള മുഴുവൻ തസ്തികളുടെയും റാങ്ക് ലിസ്റ്റുകൾ ഏകദേശം ഒരേ കാലയളവിലാണ് പ്രസിദ്ധീകരിക്കുന്നത്. സിവിൽ പൊലീസ് ഓഫിസർ, ഫയർമാൻ, കമ്പനി -കോരപ്പറേഷൻ ക്ലർക്ക്, വില്ലേജ്മാൻ തുടങ്ങി തുടങ്ങിയ ലിസ്റ്റുകളിലെല്ലാം ഉൾപ്പെടാൻ സാദ്ധ്യതയുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ ഉണ്ടാകും. അതിനാൽ എൻജെഡി ഒഴിവുകളും മുൻകാലങ്ങളെക്കാൾ വർദ്ധിക്കാനാണ് സാദ്ധ്യത.


ഒഴിവുവരുന്നതിന് ആനുപാതികമായി നിയമനം നടക്കണമെങ്കിൽ നിയമനം വൈകാതെ തുടങ്ങണമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. നിയമന ശുപാർശ തയ്യാറാക്കുന്നതിലും അയക്കുന്നതിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുള്ളതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്ന് പിഎസ്‌സിയുടെ വാദം.

സംവരണ ക്രമം അനുസരിച്ച് തയ്യാറാക്കുന്ന നിയമന ശുപാർശകളിൽ സൂക്ഷമ പരിശോധന നടത്തി തെറ്റില്ലെന്ന് ഉറപ്പാക്കിയ ശേഷം പ്രസിദ്ധീകരിക്കുന്നതാണ് പുതിയ രീതി. മുൻപ് നിയമന ശുപാർശ അയച്ചശേഷമാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്.

ഇതാണ് നിയമന ശുപാർശ വൈകാൻ കാരണമെന്ന് പറഞ്ഞാണ് പിഎസ്‌സി തടിയൂരുന്നത്. എന്നാൽ ജോലിയ്ക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ ഈ മറുപടി മതിയാകില്ല.

Advertisment