Advertisment

മാനന്തവാടിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുമായി കടന്ന മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്

New Update

publive-image

Advertisment

കല്‍പ്പറ്റ: മാനന്തവാടിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുമായി കടന്ന മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്. ചങ്ങാടക്കടവിലെ മലബാര്‍ മോട്ടോര്‍സ് യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും മോഷ്ടിച്ച കാറുമായി മുങ്ങുകയായിരുന്ന മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്നകുമാര്‍ (42), കൊല്ലം കടക്കല്‍ ചാലുവിള പുത്തന്‍ വീട്ടില്‍ അബ്ദുല്‍ കരീം (37) എന്നിവരാണ് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മോഷ്ടിച്ച ഇയോണ്‍ കാറുമായി മുങ്ങുന്നതിനിടെ തോണിച്ചാല്‍ പെട്രോള്‍ പമ്പില്‍ വെച്ചാണ് പ്രതികള്‍ കുടുങ്ങിയത്. യൂസ്ഡ് കാര്‍ ഷോറൂമുകളിലെ വാഹനങ്ങളില്‍ സാധാരണയായി ഇന്ധനം കുറവായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ വലയിലായത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത കോമ്പൗണ്ട് ചങ്ങല വെച്ച് അടച്ചിരുന്നു. ഇത് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ശേഷം ഓഫീസ് മുറി കുത്തിതുറന്ന് താക്കോല്‍ കൈക്കലാക്കുകയായിരുന്നു. മോഷ്ടിച്ച കാര്‍ പുറത്തേക്ക് ഇറക്കുന്നതിനുള്ള സൗകര്യത്തിനായി മറ്റൊരു കാറിന്റെ ഡോര്‍ കുത്തി തുറന്ന് ആ വാഹനം തള്ളി മാറ്റുന്നതിനിടെ സമീപവാസി ശബ്ദം കേള്‍ക്കുകയും സ്ഥാപന ഉടമകളായ അബൂബക്കര്‍, ജമാല്‍ എന്നിവരെ വിവരമറിയിക്കുകയുമായിരുന്നു.

ഉടമകള്‍ ഉടന്‍ സ്ഥലത്ത് എത്തി മോഷണം സ്ഥിരീകരിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സംഘം രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന തോണിച്ചാലിലെ പമ്പിലെത്തുകയും ഇന്ധനം നിറക്കാന്‍ കയറിയ വാഹനം തടഞ്ഞ് നിര്‍ത്തി മോഷ്ടാക്കളെ കയ്യോടെ പിടികൂടുകയുമായിരുന്നു.

പ്രതികളിലൊരാളായ അബ്ദുള്‍ കരീം പനമരം പോലിസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കേസുകളിലുള്‍പ്പെടെ രത്നകുമാറിനും പങ്കുള്ളതായാണ് വിവരം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു.

NEWS
Advertisment