Advertisment

പ്രവാസലോകം ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പം ഉറച്ചു നിൽക്കും -ഒഐസിസി /ഇൻകാസ്

New Update
oicc inkas.jpg

പാലക്കാട്‌ : ആസന്നദമായ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസ ലോകം ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പം ഉറച്ചു നിൽക്കുമെന്ന് ഒഐസിസി /ഇൻകാസ് നേതാക്കൾ പറഞ്ഞു. പാലക്കാട്‌ പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒഐസിസി /ഇൻകാസ് നേതാക്കൾ. കേന്ദ്ര -കേരള സർക്കാരുകൾ പ്രവാസികളെ ഇത്രമേൽ ദ്രോഹിച്ച ഒരു കാലം മുമ്പുണ്ടായിട്ടില്ല. പ്രവാസ ലോകത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്ന വാഗ്ദാനം കേരള മുഖ്യമന്ത്രി നൽകിയിരുന്നത് ഇന്നും വാഗ്ദാനം മാത്രമായി തുടരുകയാണ്. 

കോവിഡ് കാലത്ത്‌ ജോലി നഷ്ടപ്പെട്ടും ആരോഗ്യ പ്രശ്നങ്ങളും മൂലം കഷ്ടപ്പെട്ട പ്രവാസികളെ കേന്ദ്ര-കേരള സർക്കാരുകൾ നാട്ടിലേക്ക് വരാൻ സമ്മതിക്കാതെ പ്രയാസപ്പെടുത്തി. ആ ഘട്ടത്തിലും പ്രവാസികൾക്ക് ആശ്വാസമായി ചാർട്ടേഡ് ഫ്ളൈറ്റുകൾ ഏർപ്പെടുത്തിയത്  ഒഐസിസി /ഇൻകാസ്, കെ എം സി സി സംഘടനകളായിരുന്നു എന്നത് കേരളം ചർച്ച ചെയ്തതാണ്. പ്രവാസികൾക്ക് ആശ്വാസമായിരുന്ന പ്രവാസി കാര്യ വകുപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത് പ്രവാസികളോടുള്ള അവഗണനയാണ്. എംബസികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ഉപയോഗിക്കണമെന്നത് ഒഐസിസി ദീർഘാകാലമായി ആവശ്യപ്പെട്ടകൊണ്ടിരിക്കുന്നതാണ്. 

വെള്ളിയാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പതിനായിര കണക്കിന് പ്രവാസികളാണ് നാട്ടിലെത്തിയിരിക്കുന്നത്. കേന്ദ്രത്തിൽ ഇന്ത്യ മുന്നണി നേതൃത്വം നൽകുന്ന ഒരു സർക്കാർ വരണം എന്ന് പ്രവാസ ലോകം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് നാട്ടിലേക്കുള്ള പ്രവാസികളുടെ ഒഴുക്കിന്റെ കാരണം എന്ന് നേതാക്കൾ പറഞ്ഞു. പത്ര സമ്മേളനത്തിൽ ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്‌ ശങ്കരപ്പിള്ള, ഒഐസിസി ഇൻകാസ് പ്രചരണ വിഭാഗം ചെയർമാൻ രാജു കല്ലുംപുറം, ഒ ഐസിസി -ഇൻകാസ് പാലക്കാട്‌ ജില്ല പ്രചരണ വിഭാഗം ചെയർമാൻ എം വി ആർ മേനോൻ, വൈസ് ചെയർമാൻ സൽമാനുൽ ഫാരിസ്, പ്രൊഫഷണൽ കോൺഗ്രസ് മുൻ പാലക്കാട്‌ ജില്ല പ്രസിഡന്റ് രാജീവ്‌ രാമനാഥ്‌, ഒഐ സിസി ഗ്ലോബൽ  നേതാക്കളായ റസാഖ്‌ പൂക്കോട്ടുംപാടം, നാസർ ലെയ്സ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisment