Advertisment

'തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തി വീഴ്ത്താന്‍ നോക്കേണ്ട, അങ്ങനെ പെട്ടെന്നൊന്നും വീഴില്ല, ഞാന്‍ കൊല്ലംകാരന്‍, മമത കളിക്കുന്നത് രാഷ്ട്രീയ നാടകം'; ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസ്

New Update
news-about-west-bengal-governor-cv-ananda-bose

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ത്തി വീഴ്ത്താന്‍ നോക്കേണ്ടെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. താന്‍ കൊല്ലംകാരനാണെന്നും അങ്ങനെ പെട്ടെന്നൊന്നും വീഴില്ലെന്നും അദ്ദേഹം ഞായറാഴ്ച പ്രതികരിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കളിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്ഭവനിലെ ജീവനക്കാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ആനന്ദബോസിന്റെ പ്രതികരണം.

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഗവർണർ ഓഫിസിലെ മൂന്ന് ജീവനക്കാർക്ക് സമൻസ് അയച്ചിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങളും കൊൽക്കത്ത പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

ഗവർണർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സി വി ആനന്ദബോസ് ശനിയാഴ്ച പ്രതികരിച്ചിരുന്നു. നിയമപരിധി ലംഘിച്ചാൽ കർശന നടപടിയെടുക്കും. ഉചിതമായ സമയത്ത് എല്ലാം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും കൊച്ചിയിൽ സന്ദർശനം നടത്തുന്നതിനിടെ ബംഗാൾ ഗവർണർ പറഞ്ഞു

Advertisment