Advertisment

വൈദ്യുതി നിയന്ത്രണം: സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് എംഎം ഹസന്‍

New Update
mm hasan real.jpg

തിരുവനന്തപുരം: ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ്പോള്‍ അതു മറച്ചുവയ്ക്കാനാണ് പ്രാദേശിക നിയന്ത്രണമെന്ന ഓമനപ്പേരില്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.  കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം  ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു നിശ്ചയവുമില്ലൊന്നിനും എന്നതാണ് അവസ്ഥ. 

Advertisment

കേരളം വൈദ്യുതി ഉല്പാദനത്തില്‍ സ്വയം പര്യാപ്തമാകും, വൈദ്യുതി കേരളം വില്ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ്  ഇപ്പോള്‍ വൈദ്യുതി വാങ്ങി ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്നത്. 

ആളുകള്‍ ഉറങ്ങാന്‍ തുടങ്ങുന്ന രാത്രി പത്തുമണിക്കാണ് വൈദ്യുതി ബോര്‍ഡിന്റെ ക്രൂരകൃത്യം ആരംഭിക്കുന്നത്. മിക്കയിടത്തും പുലര്‍ച്ചെ രണ്ടുമണി വരെ വൈദ്യുതിയില്ല. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി അവര്‍ തോന്നുംപോലുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏര്‍പ്പെടുത്തുന്നത്. രാത്രി പത്തുമണിക്കുശേഷമുള്ള വൈദ്യുതി നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കണമെന്നും  മുന്‍കൂട്ടി അറിയിക്കാതെയുള്ള ഒരു വൈദ്യുതി നിയന്ത്രണവും പാടില്ലെന്നും ഹസന്‍ ആവശ്യപ്പെട്ടു.

കടുത്ത വേനലിൽ അനാവശ്യമായി വൈദ്യുതി പാഴാക്കുന്ന ദീപാലങ്കാരങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണം.അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തെ തുടര്‍ന്ന് സഹികെട്ട ജനം രാത്രിയില്‍ വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍ ഉപരോധിക്കുന്നത് സ്ഥിരംകാഴ്ചയാണ്. പലയിടത്തും അതു സംഘര്‍ഷാവസ്ഥയിലേക്കു നീളുന്നു. കിടപ്പുരോഗികളും മാറാരോഗികളുമൊക്കെ ദുസഹമായ ദുരിതത്തില്‍ക്കൂടി കടന്നുപോകുന്നു. വൈദ്യുതി ഉല്പാദനം, വാങ്ങല്‍, ഉപയോഗം തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ധവളപത്രം പുറപ്പെടുവിക്കാന്‍ തയാറുണ്ടോയെന്ന് ഹസന്‍ ചോദിച്ചു.

Advertisment