Advertisment

മൂന്നാം ഭാര്യയ്‌ക്കൊപ്പമുള്ള ഇമ്രാൻ ഖാൻ്റെ നിക്കാഹ് നിയമവിരുദ്ധം: ഇരുവർക്കും 7 വർഷം തടവ്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5നാണ്, പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിപി) ഫയല്‍ ചെയ്ത തോഷഖാന അഴിമതി കേസില്‍ ഖാന്‍ അറസ്റ്റിലാകുന്നത്

New Update
imran khan wife.jpg

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ഏഴുവര്‍ഷം കൂടി തടവ്. 2018ലെ ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവര്‍ക്കും ശിക്ഷവിധിച്ചിരിക്കുന്നത്. രണ്ട് വിവാഹങ്ങള്‍ക്കിടയിലെ നിര്‍ബന്ധിത ഇടവേള (ഇസ്ലാമിക ആചാരമായ 'ഇദ്ദത്') ലംഘിച്ചാണ് ബുഷ്റ ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ഭര്‍ത്താവ് ഖവാര്‍ മനേകയാണ് പരാതി നല്‍കിയത്. പാകിസ്ഥാനിലെ അഡിയാല ജയില്‍ കോടതിയുടേതാണ് വിധി.

Advertisment

2022ന് ശേഷം ഇമ്രാന്‍ ഖാന് ലഭിക്കുന്ന നാലാമത്തെ ശിക്ഷയാണിത്. പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇമ്രാന്‍ ഖാനെതിരെ നാലാമത്തെ കോടതി വിധിയും വന്നിരിക്കുന്നത്. എന്നാല്‍ തന്നെയും ഭാര്യ ബുഷ്‌റ ബീബിയെയും അപമാനിക്കാനാണ് കേസ് സൃഷ്ടിച്ചതെന്ന് കോടതി വിട്ടിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനു മുന്‍പ് സൈഫര്‍ കേസില്‍ പത്തുവര്‍ഷവും, തോഷാഖാന കേസില്‍ ഭാര്യയ്ക്കൊപ്പം 14 വര്‍ഷം തടവുശിക്ഷയും ഇമ്രാന് ലഭിച്ചിരുന്നു. നിലവില്‍ റാവല്‍പിണ്ടിയിലെ ജയിലിയാണ് ഇമ്രാന്‍ ഖാന്‍ കഴിയുന്നത്. സൈഫര്‍ കേസില്‍ അറസ്റ്റിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇമ്രാനെ നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുക. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5നാണ്, പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിപി) ഫയല്‍ ചെയ്ത തോഷഖാന അഴിമതി കേസില്‍ ഖാന്‍ അറസ്റ്റിലാകുന്നത്. വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ പ്രധാനമന്ത്രി എന്ന നിലയില്‍ ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചു എന്നാണ് ഇമ്രാന്‍ ഖാനെതിരെയുള്ള തോഷാഖാന കേസ്. സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനൊപ്പം പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി മഹമ്മൂദ് ഖുറേഷിയേയും പത്തു വര്‍ഷത്തേക്ക് ശിക്ഷിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിധി വന്നിരുന്നു. നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫര്‍ കേസ്. അത് ഖാന്റെ കൈവശം നിന്ന് കാണാതായതായാണ് റിപ്പോര്‍ട്ട്. 

തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണ് സൈഫര്‍ ചൂണ്ടിക്കാണിച്ചതെന്ന് കഴിഞ്ഞ വര്‍ഷം തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഖാന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. കേസില്‍ ഖാനും ഖുറേഷിക്കുമെതിരെ 10 സാക്ഷികള്‍ മൊഴി രേഖപ്പെടുത്താന്‍ എത്തിയിരുന്നു. പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ആണ് അവരെ കൊണ്ടുവന്നത്. ഔദ്യോഗിക നയതന്ത്ര ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി രാജ്യത്തിന്റെ രഹസ്യ നിയമങ്ങള്‍ ലംഘിച്ചതിന് ഖാനും ഖുറേഷിക്കുമെതിരെ ഓഗസ്റ്റിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ കേസില്‍ ഇമ്രാന്‍ (71) ഖുറേഷി (67) എന്നിവര്‍ അറസ്റ്റിലായത്. ജയിലില്‍വച്ചാണ് വിചാരണ പൂര്‍ത്തിയായത്. ഡിസംബറില്‍ പാകിസ്ഥാന്‍ സുപ്രീം കോടതി ഖാനും ഖുറേഷിക്കും അറസ്റ്റിന് ശേഷം ജാമ്യം അനുവദിച്ചിരുന്നു. 2022 ഏപ്രിലില്‍ അവിശ്വാസ വോട്ടിലൂടെയാണ് ഖാനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. തോഷഖാന കേസില്‍ ഇസ്ലാമാബാദ് കോടതി മൂന്ന് വര്‍ഷത്തെ തടവിന് ഇസ്ലാമാബാദ് ഹൈക്കോടതി വിധിച്ചിരുന്നു. 

 

imran khan
Advertisment