Advertisment

അമീറുൾ ഇസ്‌ലാമിന് തൂക്കുകയർ ഉറപ്പിച്ച പെരുമ്പാവൂർ കൊലക്കേസ് സിനിമയാകുന്നു

കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ കുടിയേറ്റം ഏറ്റവുമധികം ചർച്ചയാകാൻ ഇടയാക്കിയ കേസാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം.

New Update
jisha cinema.jpg

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ ഒരുങ്ങുന്നു. ബാബു ജനാർദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾക്കൊപ്പം ഹിന്ദി സിനിമാ-ടെലി സീരീസ് താരം ആദർശ് ഗൗരവ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും. ബംഗാളി താരം റിദ്ദി സെന്നും അതിഥി തൊഴിലാളിയുടെ വേഷത്തിനായി പരിഗണനയിലുണ്ട്. കേസുണ്ടായ 2016 മുതൽ എഴുത്ത് അടക്കം പ്രാരംഭ ജോലികൾ തുടങ്ങിയെങ്കിലും വിഷയം കോടതികളുടെ പരിഗണനയിൽ ഇരുന്നതിനാൽ തുടങ്ങാനായില്ല. പ്രതിയുടെ വധശിക്ഷ ശരിവച്ച് അന്തിമവിധി വന്ന സാഹചര്യത്തിൽ സിനിമയ്ക്കുള്ള ഒരുക്കങ്ങൾ സജീവമാക്കുകയാണെന്ന് ബാബു ജനാർദനൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

Advertisment

കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ കുടിയേറ്റം ഏറ്റവുമധികം ചർച്ചയാകാൻ ഇടയാക്കിയ കേസാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം. ആദ്യകാലം മുതലേ സംശയത്തോടെ നോക്കുകണ്ടിരുന്ന ഇക്കൂട്ടരെ നിതാന്ത ശത്രുപക്ഷത്തേക്ക് പ്രതിഷ്ഠിക്കാൻ മലയാളികളെ വല്ലാതെ പ്രേരിപ്പിച്ചതുമാണ് ഈ കേസ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പടിക്കലെത്തി നിൽക്കെ സംസ്ഥാന സർക്കാരിനെ മുമ്പെങ്ങുമില്ലാത്ത വിധം വിഷമവൃത്തത്തിലാക്കിയ കേസ്, അതുകൊണ്ട് തന്നെ ആ സർക്കാരിൻ്റെ പതനത്തിന് ഇടയാക്കിയെന്ന വിലയിരുത്തലും ഉണ്ട്.

അതിഥി തൊഴിലാളി പ്രതിയായ കേസിൻ്റെ കഥ പറയുമ്പോൾ ബംഗാളിയുടെയും അസംകാരൻ്റെയും ബീഹാറിയുടെയുമെല്ലാം തൊഴിൽ തേടിയുള്ള പലായനങ്ങളുടെ ചരിത്രവും സിനിമയിൽ പരാമർശ വിഷയമാകുമെന്ന് സംവിധായകൻ പറയുന്നു. വിവിധ വംശീയ സംഘർഷങ്ങളും അതിക്രമങ്ങളും പാകപ്പെടുത്തിയ മനസുമായി ജീവിക്കുന്നവരുടെ മനോവ്യാപാരങ്ങളും മുഖ്യപ്രതി അമീറുൽ ഇസ്‌ലാമിൻ്റെ കഥാപാത്രത്തിൽ പ്രതിഫലിക്കും. ഇനിയും തീരാത്ത കേസിൻ്റെ സങ്കീർണതകളും ദുരൂഹതകളും ചിത്രം സജീവമായി ചർച്ച ചെയ്യും.

തമിഴ് അതിഥി തൊഴിലാളികളുടെ ജീവിതം മലയാള സിനിമയിൽ ആദ്യമായി വരച്ചുകാട്ടി 2011ൽ ഇറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം സിറ്റി ഓഫ് ഗോഡിന് തിരക്കഥ ഒരുക്കിയത് ബാബു ജനാർദനൻ ആയിരുന്നു. മലയാളികളുടെ മനസാക്ഷിയെ പിടിച്ചുലച്ച യഥാർത്ഥ സംഭവങ്ങൾ വെള്ളിത്തിരയിലെത്തിച്ച അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് തുടങ്ങിയ സിനിമകളുടെയും തിരക്കഥ ബാബു ജനാർദനൻ്റെയാണ്. ആദ്യമായി സംവിധാനം ചെയ്ത ബോംബെ മാർച്ച് 12 യഥാർത്ഥ സ്‌ഫോടനക്കേസിനെ ആസ്പദമാക്കി ഉള്ളതായിരുന്നു.

jisha case
Advertisment