Advertisment

'കേന്ദ്രത്തിന്റെ മുന്നില്‍ മുട്ടുമടക്കാത്ത സര്‍ക്കാരുള്ളത് കേരളത്തില്‍ മാത്രം', എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ മന്ത്രി റോഷി അഗസ്റ്റിന്‍

New Update
roshi agustinpala.jpg

പാലാ : കേന്ദ്രത്തിന്റെ മുന്നില്‍ മുട്ടുമടക്കാത്ത ഏക സര്‍ക്കാരുള്ളത് കേരളത്തില്‍ മാത്രമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ സാമ്പത്തിക പ്രതിരോധം ഏര്‍പ്പെടുത്തിയിട്ടും കോടതിയില്‍ പോയി അര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങാന്‍ കേരളത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ എല്‍ഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തേണ്ട ഗതികേട് കേരളത്തിനുണ്ടായി. എന്നിട്ടും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരെ സാമ്പത്തിക പ്രതിരോധം തുടര്‍ന്നതോടെ കോടതിയില്‍ പോകേണ്ട സ്ഥിതി വന്നത്. മതേതര കാഴ്ചപ്പാട് തകരുന്ന സ്ഥിതിയാണ് ഇന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുമൂലം ഉണ്ടാകുന്നത്. സിഎഎ നടപ്പാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. ഭരണഘടനയുടെ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരായ താക്കീതായി ലോക്‌സഭ തെരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വന്‍ഷനില്‍ ഷിബു ബേബി ജോണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തെയും മന്ത്രി റോഷി അഗസ്റ്റിന്‍ വിമര്‍ശിച്ചു. പരീക്ഷയില്‍ തോറ്റ കുട്ടിയുടെ ജല്‍പ്പനമായി മാത്രം അതിനെ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശം നടത്തിയ വ്യക്തി നിയമസഭയിലേക്ക് മത്സരിച്ച് തോറ്റത് മറക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമോയെന്ന് തീരുമാനിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇനി നടക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യമുണ്ടെങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക് ആശ്വാസമുള്ള കാര്യം ചെയ്യൂ എന്ന നിലയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിപണിയിലെ റബര്‍ വില കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം മുന്‍നിര്‍ത്തിയാണ് ഇത്തവണ വോട്ടു ചോദിക്കുന്നതെന്ന് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ പറഞ്ഞു. 4100 കോടി രൂപയുടെ വികസനം കോട്ടയത്ത് കൊണ്ടുവരാനായെന്നും അദ്ദേഹം പറഞ്ഞു. 

 ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.  സിപിഎം ജില്ലാ സെക്രട്ടറി എവി റസല്‍,  എൽഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊ. ലോപ്പസ് മാത്യു, ഡോ. ഷാജി കടമല, അഡ്വ. വികെ സന്തോഷ്‌കുമാര്‍, കെ അനില്‍ കുമാര്‍, ഷാജു തുരുത്തേല്‍, എംടി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.

Advertisment