Advertisment

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; എം എം വര്‍ഗീസ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല

ഇത് ഏഴാം തവണയാണ് വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്.

New Update
mm varghese karuvannur.jpg

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ഹാജരായില്ല. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് വര്‍ഗീസ് അറിയിച്ചിരുന്നു. മെയ് ദിനമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് എം എം വര്‍ഗീസ് ആവശ്യപ്പെട്ടത്.

ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ തിരിച്ചടക്കാന്‍ എത്തിച്ച സിപിഐഎമ്മിന്റെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് ഇന്നലെ പിടിച്ചെടുത്തിരുന്നു. പണവുമായി ബാങ്കില്‍ എത്തിയ എം എം വര്‍ഗീസിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പിന്‍വലിച്ച പണമാണ് കണ്ടു കെട്ടിയത്. അക്കൗണ്ടും മരവിപ്പിച്ചു. ജില്ലാ കമ്മിറ്റി നല്‍കിയ ആദായ നികുതി റിട്ടേണുകളിലൊന്നും ഈ അക്കൗണ്ട് വിവരങ്ങള്‍ ഇല്ലെന്നും കെവൈസി രേഖകള്‍ പൂര്‍ണ്ണമല്ലെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

ഇത് ഏഴാം തവണയാണ് വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. സിപിഐഎമ്മിന്റെ തൃശൂര്‍ ജില്ലയിലെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാനാണ് ഇഡിയുടെ നിര്‍ദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ടെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്റടറേറ്റ് പറയുന്നത്.

latest news mm varghese
Advertisment