Advertisment

ന്യൂസ് ക്ലിക്ക് കേസില്‍ വഴിത്തിരിവ്; എച്ച് ആര്‍ മേധാവി സാക്ഷിയായേക്കും, കോടതിയെ സമീപിച്ചു

ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയതിന് ശേഷം ഒക്ടോബര്‍ ഒന്നിന് ചക്രവര്‍ത്തിയെയും ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

New Update
news clickk.jpg

ചൈന അനുകൂല പ്രചരണം നടത്താന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് പണം കൈപ്പറ്റിയെന്നാരോപിച്ച് യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ വഴിത്തിരിവ്. സര്‍ക്കാര്‍ സാക്ഷിയാകാന്‍ അനുമതി തേടി ന്യൂസ് ക്ലിക്കിന്റെ മാനവവിഭവശേഷി വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തി ഡല്‍ഹി കോടതിയെ സമീപിച്ചു. അമിത് ചക്രവര്‍ത്തി സ്‌പെഷ്യല്‍ ജഡ്ജി ഹര്‍ദീപ് കൗറിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. കേസില്‍ മാപ്പ് തേടിയ ഇയാള്‍ ഡല്‍ഹി പോലീസിനോട് തന്റെ പക്കലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് അറിയിച്ചു. ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്താന്‍ ജഡ്ജി, വിഷയം മജിസ്റ്റീരിയല്‍ കോടതിക്ക് മുമ്പാകെ അയച്ചു. 

Advertisment

ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയതിന് ശേഷം ഒക്ടോബര്‍ ഒന്നിന് ചക്രവര്‍ത്തിയെയും ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ആദ്യം, രണ്ട് പ്രതികളെയും കോടതി ഡിസംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്ഥാപനത്തിന്റെ ഫണ്ടിംഗ് സ്രോതസ്സുകള്‍ അന്വേഷിക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ വ്യാപക റെയ്ഡ് നടത്തിയിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും തിരച്ചില്‍ നടത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) പ്രചാരണ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അമേരിക്കന്‍ കോടീശ്വരനായ നെവില്‍ റോയ് സിംഗാമില്‍ നിന്ന് ന്യൂസ് ക്ലിക്കിന് ഏകദേശം 38 കോടി രൂപ ധനസഹായം ലഭിച്ചതായി  ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുന്നതിനും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുന്നതിനുമായി ചൈനയില്‍ നിന്ന് ന്യൂസ്‌ക്ലിക്കിന് വലിയൊരു തുക വന്നതായി  പറയുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി പൂര്‍കയസ്ഥ ഗൂഢാലോചന നടത്തിയെന്നും അതില്‍ ആരോപിക്കുന്നു.

നേരത്തെ പ്രബീര്‍ പുര്‍കയസ്തയുടെയും അമിത് ചക്രവര്‍ത്തിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഡല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും എന്‍സിആറിലുമായി നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സീല്‍ ചെയ്തിരുന്നു. വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കേസില്‍ യുഎപിഎ പ്രകാരമാണ് നടപടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഊര്‍മിലേഷ്, ഔനിന്ദ്യോ ചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ആക്ഷേപഹാസ്യകാരനായ സഞ്ജയ് രജൗറ, സെന്റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഡവലപ്മെന്റിലെ ഡി രഘുനന്ദന്‍ എന്നിവരെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചിരുന്നു.

എന്നാല്‍ റെയ്ഡിന് പിന്നാലെ പൊലീസ് നടപടികളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് പത്രപ്രവര്‍ത്തക സംഘടനകള്‍ കത്തയച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം 'പ്രതികാര ഭീഷണിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്' എന്ന് സംഘടനകള്‍ കത്തില്‍ പറയുന്നു.  ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്‌സ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള സംഘടനകള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍, എഡിറ്റര്‍മാര്‍, എഴുത്തുകാര്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിലെ 46 ജീവനക്കാരുടെ വീടുകളില്‍ ഒക്ടോബര്‍ 3 ന് ആണ് റെയ്ഡ് നടന്നത്. ഇക്കാര്യം ഡി വൈ ചന്ദ്രചൂഡിന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

'ദേശീയ അന്തര്‍ദേശീയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. ഭീഷണിയിലൂടെ മാധ്യമങ്ങളെ തണുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്‌ടോപ്പുകളും യഥേഷ്ടം പിടിച്ചെടുക്കുന്നത് നിരുത്സാഹപ്പെടുത്തണം. മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിനും അവരില്‍ നിന്ന് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കണം. യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ ബാധിക്കാതെ സംസ്ഥാന ഏജന്‍സികളുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.,' കത്തില്‍ പറയുന്നു.

 

news click
Advertisment