Advertisment

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതി കേന്ദ്രസർക്കാർ. ആൾക്കൂട്ട കൊലയ്ക്ക് വധശിക്ഷ. സ്വവർഗ ലൈംഗികതയും വൈവാഹിക ബലാത്സംഗവും കുറ്റമല്ല. കുഞ്ഞുങ്ങളെ പീഡിപ്പിച്ചാൽ 20 വർഷം തടവ്. സർക്കാരിനെ വിമർശിക്കുന്നത് കുറ്റമല്ലാതായി

New Update
f

ഡൽഹി: രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനായുള്ള ഭേദഗതി ബിൽ ലോകസഭ പാസാക്കി. ബ്രിട്ടീഷ് ഭരണത്തിന്റെ തുടർച്ചയായുള്ള കൊളോണിയൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകളാണ് സഭ പാസാക്കിയത്.

Advertisment

ഇന്ത്യൻ പീനൽ കോഡ് എന്ന ഐ.പി.സി ഇനി ഇല്ലാതാവും. പകരം ഭാരതീയ ന്യായ സംഹിത വരും. 1860 മുതൽ പ്രാബല്യത്തിലുള്ളതാണ് ഐ.പി.സി എന്ന ഇന്ത്യൻ ശിക്ഷാ നിയമം. 1898 മുതലുള്ള സി.ആ‌ർ.പി.സി എന്ന ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വരും. ഇതിന്റെ ചുരുക്കപ്പേര് ബി. എൻ. എസ്. എസ് എന്നാണ്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന 1872ലെ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ ബിൽ പാസാക്കിയിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിൽ പുതുതായി ചേർത്ത ഭീകരത, ആൾക്കൂട്ട കൊലപാതക കുറ്റങ്ങൾക്ക് തൂക്കുകയർ വരെ വിധിക്കാൻ വ്യവസ്ഥ. ഭീകരതയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ യു.എ.പി.എയ്‌ക്ക് സമാനമാണ്.

രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് നേരേയുള്ള ഏതു ഭീഷണിയും, ആക്രമണവും ഭീകരതയാവും. വിചാരണ സെഷൻസ് കോടതിയിൽ. അഞ്ചോ കൂടുതലോ പേർ ചേർന്ന് ജാതി, ഭാഷ, വിശ്വാസം എന്നിവയുടെ പേരിൽ കൊലനടത്തിയാൽ ആൾക്കൂട്ട കൊലയാവും. സുപ്രീംകോടതി വിമർശിച്ച രാജ്യദ്റോഹക്കുറ്റം ഒഴിവാക്കി.

പകരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്കെതിരെയുള്ള പ്രവൃത്തികൾ കുറ്റമാക്കി. ഐ.പി.സിയിൽ കൊലക്കുറ്റം 302ാം വകുപ്പാണെങ്കിൽ പുതിയ ബില്ലിൽ 103 ആണ്.

പുതിയ നിയമങ്ങൾ പ്രകാരം സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലാതായിട്ടുണ്ട്.  12വയസിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയാൽ മരണം വരെ കഠിനതടവ്, കുറഞ്ഞത് 20 വർഷം എന്നതാണ് വ്യവസ്ഥ.

ഭർത്താവിന്റെ ബലാത്സംഗം ഇനിമുതൽ കുറ്റമല്ല. ചോദ്യ പേപ്പർ ചോർത്തിയാൽ 7 കൊല്ലം വരെ തടവ് കിട്ടും. ലഹരി ഉപയോഗിച്ച് പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയാൽ ശിക്ഷ സാമൂഹ്യ സേവനമായിരിക്കും. ഏഴ് വയസിന് താഴെയുള്ള കുട്ടികൾ കുറ്റം ചെയ്താൽ കേസില്ല. 

കുറ്റത്തിന്റെ പ്രത്യാഘാതം മനസിലാവാത്ത 12 വയസ് വരെയുള്ള കുട്ടികൾക്കും ഇളവുണ്ട്. കേസുകളുടെ വിചാരണ ഓൺലൈനായി നടത്താനും ഹാജരാവാത്ത പ്രതികളുടെ അസാന്നിദ്ധ്യത്തിലും വിചാരണ നടത്തി വിധിപറയാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

കൊളോണിയൽ നിയമങ്ങളുടെ പൊളിച്ചെഴുത്താണിതെന്ന് കേന്ദ്രസർക്കാർ പറയുന്നു. പഴയ നിയമങ്ങൾ വിദേശ ഭരണം സംരക്ഷിക്കാനായിരുന്നു. പുതിയ ബില്ലുകൾ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാണ്. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ വെറുതെ വിടാതിരിക്കാനും വ്യവസ്ഥയുണ്ട്.

സർക്കാരിനെ വിമർശിക്കുന്നത് കുറ്റമല്ല. 158 തവണ യോഗങ്ങളും കൂടിക്കാഴ്ചകളും നടത്തിയ ശേഷമാണ് ബില്ലുകൾ സഭയിലെത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Advertisment