Advertisment

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അപ്രതീക്ഷിത രാജി ഇലക്ഷൻ പ്രഖ്യാ‌പനം വൈകിപ്പിക്കുമോ? ലോകസഭയുടെ കാലാവധി തീരുന്നത് ജൂൺ 16ന്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിക്കൊണ്ടു പോയി പ്രതിപക്ഷത്തിന്റെ പണവും പ്രചാരണവും ശുഷ്‍കിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രമെന്നും വിലയിരുത്തൽ. കമ്മീഷണറെ നിയമിക്കാനും തിരക്കിട്ട നീക്കങ്ങൾ; ഡൽഹി രാഷ്ട്രീയം കലങ്ങി മറിയുന്നു

New Update
arun goyal

ഡൽഹി : തിരഞ്ഞെടുപ്പു കമ്മീഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചേക്കും. ജൂൺ16നാണ് ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത്.

Advertisment

കാലാവസ്ഥ അടക്കം നിരവധി അനുകൂല ഘടകങ്ങൾ കണക്കിലെടുത്താണിത്. ഈയാഴ്ചയോ അടുത്തയാഴ്ചയോ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയിരുന്നത്.

എന്നാൽ, അരുൺ ഗോയലിന്റെ രാജിയോടെ കമ്മീഷനിലെ പ്രവർത്തനങ്ങളും സുരക്ഷയ്ക്കായി കേന്ദ്രസേനയുടെ വിന്യാസവുമടക്കം കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെച്ചൊല്ലി ഡൽഹിയിൽ രാഷ്ട്രീയം പുകയുകയാണ്.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും, രണ്ട് കമ്മിഷണർമാരും വേണ്ടിടത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പു കമ്മിഷണർ ആയിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരി 14ന് വിരമിച്ചിരുന്നു. ഗോയൽ രാജിവച്ചതോടെ കമ്മിഷണർമാരുടെ ഒഴിവുകൾ രണ്ടായി. ഇവ നികത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ബുധനാഴ്ച്ചയോ, വ്യാഴാഴ്ച്ചയോ മൂന്നംഗ ഉന്നതതല സമിതി ചേർന്നേക്കുമെന്നാണ് സൂചന.


election commi.jpeg

വെള്ളിയാഴ്ച്ചയോടെ പുതിയ കമ്മിഷണർമാരെ രാഷ്ട്രപതി നിയമിക്കുന്ന തരത്തിൽ നടപടികൾക്കാണ് കേന്ദ്രത്തിന്റെ നീക്കം. തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനത്തിന് കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്ലിന് കഴിഞ്ഞ ഡിസംബർ 28നാണ് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയത്.

ഇതുപ്രകാരം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, കേന്ദ്രമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തീരുമാനിക്കേണ്ടത്.

കേന്ദ്രസേനയുടെ വിന്യാസം അടക്കം തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസർക്കാരും  നടത്തിയ യോഗത്തിലും ഗോയൽ പങ്കെടുത്തിരുന്നില്ല. മാർച്ച് 12ന് ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും ഗോയൽ പോകേണ്ടതായിരുന്നു.

ഇനി പുതിയ കമ്മിഷണർമാർ വരുന്നതോടെ മാത്രമേ തുടർപ്രക്രിയ ഉണ്ടാകുകയുള്ളുവെന്ന് അറിയുന്നു. അതിനാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചെറുതായെങ്കിലും വൈകിയേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. അരുൺ ഗോയലിന്റെ രാജിക്ക് പിന്നിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണെന്നാണ് സൂചന. 


പശ്ചിമബംഗാളിലെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. സന്ദർശനം വെട്ടിക്കുറച്ച്, മാർച്ച് അഞ്ചിലെ കൊൽക്കത്തയിലെ വാർത്താസമ്മേളനവും ബഹിഷ്ക്കരിച്ച് ഗോയൽ ഡൽഹിക്ക് മടങ്ങിയിരുന്നു. ആരോഗ്യകാരണങ്ങളാൽ ഗോയൽ പങ്കെടുത്തില്ലെന്നാണ് രാജീവ് കുമാർ അന്ന് പറഞ്ഞത്. 2020 ആഗസ്റ്റിൽ അന്നത്തെ കമ്മിഷണർ അശോക് ലവാസയും അപ്രതീക്ഷിതമായി രാജിവച്ചിരുന്നു.


അതേസമയം, തിരഞ്ഞെടുപ്പ് പരമാവധി നീട്ടി പ്രതിപക്ഷ കക്ഷികളുടെ പണവും പ്രചാരണവും നശിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണിതെന്നും പ്രതിപക്ഷ ആരോപണമുണ്ട്. കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും കാര്യമായി തിരഞ്ഞെടുപ്പ് ഫണ്ടില്ല. ബി.ജെ.പിക്ക് മാത്രമാണ് വൻതോതിൽ പണം കിട്ടുന്നതെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് വൈകുന്നതോടെ, മുൻകൂട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തിറങ്ങിയ മറ്റ് കക്ഷികൾ പണമില്ലാതെ വലയുമെന്നും ഇതൊരു തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്.

Advertisment