Advertisment

ട്രെയ്‌ലറിൽ കാണിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടാകണം എന്ന് നിർബന്ധമില്ല; സുപ്രീം കോടതി

New Update
supreme court1.jpg

ന്യൂഡൽഹി: സിനിമകളുടെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കുന്ന ട്രെയ്‌ലറിൽ കാണിക്കുന്ന രംഗങ്ങൾ സിനിമയിൽ കാണിക്കണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീം കോടതി. അത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന സിനിമയുമായി ബന്ധപ്പെട്ടുളള ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ഒരു സിനിമയുടെ ട്രെയ്‌ലർ എന്നത് ഒരു വാഗ്ദാനമല്ല. അത് പ്രേക്ഷകരെ ടിക്കറ്റെടുപ്പിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം മാത്രമാണ്. ട്രെയ്‌ലറിലെ ഉള്ളടക്കങ്ങൾ സിനിമയിൽ ഇല്ലെങ്കിൽ അതിനെ ഒരു കുറ്റമായി കണക്കിലെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഒരു പാട്ട്, സംഭാഷണം, അല്ലെങ്കിൽ ഒരു പ്രമോഷണൽ ട്രെയിലറിലെ ഒരു ചെറിയ രംഗം എന്നിവയെ പരസ്യങ്ങളുടെ വിവിധ തരത്തിലുള്ള ഉപയോഗം പോലെ കാണേണ്ടതാണ്. സിനിമയുടെ ഉള്ളടക്കം പൂർണ്ണമായും നല്‍കുക എന്നതിനപ്പുറം സിനിമയുടെ റിലീസ് വിവരം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതിനാണ് അത് ഉപയോഗിക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.

2017 ൽ ഫാൻ എന്ന സിനിമയുടെ ട്രെയ്‌ലറിൽ കാണിച്ചിരുന്ന ഒരു ഗാനരംഗം സിനിമയിൽ നിന്ന് ഒഴിവാക്കി എന്ന് ആരോപിച്ച് സ്കൂൾ അധ്യാപികയായ അഫ്രീൻ ഫാത്തിമ സെയ്ദിക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കമ്മീഷൻ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനെതിരെ 10,000 രൂപ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തു. ഇതിനെതിരെ യാഷ് രാജ് സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. പ്രസ്തുത ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Advertisment