Advertisment

ഒന്നിച്ച് നിന്ന് ബി.ജെ.പിയെ നേരിടേണ്ട ഇന്ത്യാ മുന്നണിയിൽ സീറ്റ് പങ്കിടലിനെച്ചൊല്ലി അടി മൂക്കുന്നു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയും പോര് കനത്തു. ഹിന്ദി പ്രസംഗത്തിനെതിരേ തമിഴ് നേതാക്കൾ.  കോൺഗ്രസ് സഖ്യത്തെ എതിർത്ത് കേരളാ നേതാക്കൾ. കാഴ്ചക്കാരന്റെ റോളിൽ രാഹുൽ ഗാന്ധി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ഇന്ത്യാ മുന്നണി ഭിന്നതയിൽ മുങ്ങുമ്പോൾ

New Update
india-alliance-meeting.jpg

ഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റക്കെട്ടായി എതിർക്കാൻ രൂപീകരിച്ച ഇന്ത്യാ മുന്നണി ഭിന്നതയിൽ മുങ്ങുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. സീറ്റുകൾ പങ്കിടുന്നതിനെച്ചൊല്ലിയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിനെച്ചൊല്ലിയും നേതാക്കളുടെ ഹിന്ദി പ്രസംഗത്തെ ചൊല്ലിയുമെല്ലാം മുന്നണിയിൽ പോര് മൂക്കുകയാണ്. ചുരുക്കത്തിൽ ബിജെപിയെ ഒന്നിച്ചെതിർക്കാനുള്ള മുന്നണി ഇപ്പോൾ പല തട്ടിലായിക്കഴിഞ്ഞു. ഭിന്നകൾ വ്യാപിക്കുമ്പോഴും കാഴ്ചക്കാരന്റെ റോളിൽ മാത്രമാണ് രാഹുൽ ഗാന്ധി.

Advertisment

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിലാണ് ഏറ്റവും വലിയ ഭിന്നത. ദളിത് പ്രധാനമന്ത്രിയായി ഖാർഗെയെ ഉയർത്തിക്കാട്ടുന്നതിൽ പല കക്ഷികളും അസ്വസ്ഥരാണ്. ചിലർ എതിർപ്പ് തുറന്നു പറഞ്ഞു. ദളിത് പ്രധാനമന്ത്രിയെന്ന തൃണമൂൽ നേതാവ് മമതാ ബാനർജിയുടെയും ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെയും നിർദ്ദേശത്തെ ജെ.ഡി.യുവും ആർ.ജെ.ഡിയും എതിർക്കുകയാണ്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഗണിക്കണമെന്ന ജെ.ഡി.യുവിന്റെ ആവശ്യം ആർ.ജെ.ഡി പിന്തുണച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ശേഷം പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാവണമെന്ന് തീരുമാനിക്കാമെന്നാണ് ഖാർഗെ പറയുന്നത്.

കോൺഗ്രസുമായും തൃണമൂലുമായും സി.പി.എം ഒത്തുപോവാത്തതാണ് ഇന്ത്യാമുന്നണിയിലെ മറ്റൊരു കല്ലുകടി. ബംഗാളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ സഖ്യത്തിന് തയ്യാറെന്ന മമതാ ബാനർജിയുടെ വാഗ്ദാനം സി.പി.എം സ്വീകരിച്ചിട്ടില്ല. കോൺഗ്രസുമായി ചേർന്ന് മത്സരിക്കാനുള്ള നീക്കത്തെ കേരളത്തിൽ നിന്നുള്ള സി.പി.എം നേതാക്കൾ ശക്തമായി എതിർക്കുകയാണ്. കേരളത്തിൽ കോൺഗ്രസ് മുഖ്യഎതിരാളികളായിരിക്കെ, ഈ സഖ്യനീക്കം അപകടകരമാണെന്നാണ് കേരളാ നേതാക്കളുടെ വാദം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ ആരെ മത്സരിപ്പിക്കും എന്നതിലും തീരാത്ത തർക്കമാണ്. നിതീഷ് കുമാർ, പ്രിയങ്കാ ഗാന്ധി എന്നിവർക്ക് മത്സരിക്കാൻ താത്പര്യമില്ലെങ്കിൽ അരവിന്ദ് കേജ്‌രിവാളിനോട് മത്സരിക്കാൻ ആവശ്യപ്പെടും. 2014ലും 2019ലും മോദി 60 ശതമാനത്തിലധികം ഭൂരിപക്ഷത്തിലാണ് വാരാണാസിയിൽ ജയിച്ചു കയറിയത്. 

ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്റെ ഹിന്ദി പ്രസംഗം മനസിലാകുന്നില്ലെന്നും പരിഭാഷ വേണമെന്നും ഡി.എം.കെ നേതാവ് ടി.ആർ. ബാലു മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടതും അതു നിഷേധിച്ചതുമാണ് മറ്റൊരു ഭിന്നത. മുന്നണിയിൽ ഹിന്ദി നേതാക്കളുടെ ഭൂരിപക്ഷമാണെന്നാണ് ദക്ഷിണേന്ത്യൻ നേതാക്കളുടെ പരാതി. 'നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നു, ഹിന്ദിയാണ് നമ്മുടെ ദേശീയ ഭാഷ, ഈ ഭാഷ നമ്മൾ അറിഞ്ഞിരിക്കണം'- ബാലുവിന് നിതീഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഹിന്ദിവിരുദ്ധതയുള്ള തമിഴ്നാട്ടിൽ നിന്നുള്ള നേതാക്കൾക്ക് ഈ പരാമ‌ർശം അത്ര പിടിച്ചിട്ടില്ല.

Advertisment