Advertisment

ഗ്വാദര്‍ വേണ്ടെന്നു വച്ചത് ഇന്ത്യയുടെ ചരിത്രപരമായ മണ്ടത്തരം! മത്സ്യത്തൊഴിലാളികളുടെയും വ്യാപാരികളുടെയും സ്വപ്ന നഗരം: പാക്കിസ്ഥാന്‍ തുറമുഖ നഗരമായ ഗ്വാദറിനെക്കുറിച്ച് അറിയാം

ഒമാന്‍ സുല്‍ത്താനില്‍ നിന്നും ഗ്വാദര്‍ സ്വീകരിക്കാതിരുന്നത് ഇന്ത്യ ചെയ്ത ഒരു വലിയ തെറ്റായിരുന്നുവെന്നും ഇന്ത്യയുടെ ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്നും ബ്രിഗേഡിയര്‍ ഗുര്‍മീത് കന്‍വാള്‍ പറയുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Gwadar

ഡല്‍ഹി: ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ ഗ്വാദര്‍ തുറമുഖത്തിന് വലിയ പ്രധാന്യമാണുള്ളത്. മത്സ്യത്തൊഴിലാളികളുടെയും വ്യാപാരികളുടെയും സ്വപ്ന നഗരമാണ് പാക്കിസ്ഥാന്‍ തുറമുഖ നഗരമായ ഗ്വാദര്‍. ഒരു ചുറ്റികയുടെ ആകൃതിയിലുള്ള ഈ മത്സ്യബന്ധന ഗ്രാമത്തിലാണ് ഇപ്പോള്‍ പാകിസ്ഥാനിലെ മൂന്നാമത്തെ വലിയ തുറമുഖം സ്ഥിതി ചെയ്യുന്നത്.

Advertisment

എന്നാല്‍ ഗ്വാദര്‍ എല്ലായ്പ്പോഴും പാക്കിസ്ഥാനൊപ്പം ആയിരുന്നില്ല. 1950-കള്‍ വരെ ഏകദേശം 200 വര്‍ഷത്തോളം ഒമാനി ഭരണത്തിന്‍ കീഴിലായിരുന്നു ഈ ഗ്രാമം. 1958-ല്‍ ഗ്വാദര്‍ പാക്കിസ്ഥാന് സ്വന്തമാകും മുമ്പ്, ഈ ഗ്രാമം ഇന്ത്യക്ക് നല്‍കാമെന്ന് ഒമാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് കീഴിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.

1783 മുതല്‍ ഒമാന്‍ സുല്‍ത്താന്റെ കൈവശമായിരുന്നു ഗ്വാദര്‍. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതു പോലുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ മണ്ടത്തരങ്ങളിലൊന്നാണ് ഗ്വാദര്‍ നിരസിച്ച ഇന്ത്യയുടെ തീരുമാനവും. കച്ചത്തീവിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തിയിരിക്കുന്നത്.

ഒമാന്‍ സുല്‍ത്താനില്‍ നിന്നും ഗ്വാദര്‍ സ്വീകരിക്കാതിരുന്നത് ഇന്ത്യ ചെയ്ത ഒരു വലിയ തെറ്റായിരുന്നുവെന്നും ഇന്ത്യയുടെ ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്നും ബ്രിഗേഡിയര്‍ ഗുര്‍മീത് കന്‍വാള്‍ പറയുന്നു.

എന്തുകൊണ്ടാണ് ജവഹര്‍ലാല്‍ നെഹ്റു ചുക്കാന്‍ പിടിച്ച ഇന്ത്യാ ഗവണ്‍മെന്റ് തുറമുഖ നഗരം അംഗീകരിക്കാന്‍ വിസമ്മതിച്ചത്? 1956-ല്‍ ഇന്ത്യ ഗ്വാദര്‍ കൈവശപ്പെടുത്തിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്. 

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മക്രാന്‍ തീരത്താണ് ഗ്വാദര്‍ സ്ഥിതി ചെയ്യുന്നത്. 1783-ലാണ് ആദ്യമായി ഒമാന്‍ ഈ പ്രദേശം കൈവശം വച്ചത്. കാലാട്ടിലെ ഖാനായ മിര്‍ നൂരി നസീര്‍ ഖാന്‍ ബലോച്ചണ് മസ്‌കറ്റ് രാജകുമാരനായ സുല്‍ത്താന്‍ ബിന്‍ അഹമ്മദിന് ഈ പ്രദേശം സമ്മാനിച്ചത്. പാകിസ്ഥാന്‍ തീരത്ത് ഗ്വാദറിനോട് ചേര്‍ന്നുള്ള മറ്റ് രണ്ട് മത്സ്യബന്ധന ഗ്രാമങ്ങളായ പെഷുകാന്‍, സുര്‍ ബന്ദര്‍ എന്നിവയും ഒമാന്‍ കൈവശം വച്ചിരുന്നു.

1792 ല്‍ മസ്‌കറ്റിന്റെ സിംഹാസനം കൈക്കലാക്കുന്നതുവരെ അറേബ്യന്‍ തീരത്തുടനീളമുള്ള റെയ്ഡുകളുടെ താവളമായി സുല്‍ത്താന്‍ ബിന്‍ അഹ്‌മദ് ഗ്വാദറിനെ ഉപയോഗിച്ചു. 1895-നും 1904-നും ഇടയില്‍ ഒമാനികളില്‍ നിന്ന് ഗ്വാദര്‍ വാങ്ങാന്‍ ഖാന്‍ ഓഫ് കാലാട്ടും ഇന്ത്യാ ഗവണ്‍മെന്റും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്ന് ആര്‍ക്കൈവിസ്റ്റ് മാര്‍ട്ടിന്‍ വുഡ്വാര്‍ഡ് പറയുന്നു.

1763 മുതല്‍ ഒരു ബ്രിട്ടീഷ് അസിസ്റ്റന്റ് പൊളിറ്റിക്കല്‍ ഏജന്റാണ് ഗ്വാദറിനെ ഭരിച്ചിരുന്നത്. പ്രദേശത്തെ എണ്ണ ശേഖരത്തിന്റെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗ്വാദറിനെ തനിക്ക് കൈമാറണമെന്ന് കാലാട്ട് ഖാന്‍ ഇടയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ വിമതര്‍ക്കെതിരായ സൈനിക-സാമ്പത്തിക സഹായത്തിന് പകരമായി ഗ്വാദറിനെ കൈമാറ്റം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഒമാന്‍ സുല്‍ത്താനും ബ്രിട്ടീഷുകാരും നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

1948 മാര്‍ച്ചില്‍ മുഹമ്മദ് അലി ജിന്നയുടെ കീഴില്‍ പാകിസ്ഥാന്‍ പിടിച്ചടക്കുന്നതുവരെ ബലൂചിസ്ഥാന്‍ ഭരിച്ചത് കാലാട്ട് ഖാനേറ്റ് ആയിരുന്നു.  ബലൂചിസ്ഥാന്റെ ഭൂരിഭാഗവും 1948-ല്‍ പാകിസ്ഥാന്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഗ്വാദറിന് ചുറ്റുമുള്ള തീരപ്രദേശമായ മക്രാന്‍ 1952 വരെ പാകിസ്ഥാന് സ്വന്തമായിരുന്നില്ല.

Advertisment