Advertisment

കടലിലെ രക്ഷാ ദൂതന്മാരായി ഇന്ത്യൻ നാവികസേന; മിസൈൽ ആക്രമണത്തിൽ തീപിടിച്ച കപ്പലിലെ 20 ജീവനക്കാരെ രക്ഷിച്ചെടുത്തു. രക്ഷാദൗത്യമേറ്റ് ഇന്ത്യൻ യുദ്ധക്കപ്പലുകൾ. ലോകം കൈയടിക്കുന്നു ഇന്ത്യൻ നാവിക സേനയ്ക്ക്. കടൽക്കൊള്ളക്കാരെ തുരത്താനും ലോകം വിളിക്കുന്നത് നമ്മുടെ നേവിയെ. നാവിക സേനയെ നയിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ അഡ്മിറൽ ഹരികുമാർ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
indian navy intersepts hijacked ship

ഡൽഹി: കടലിലെ രക്ഷാദൂതന്മാരായി മാറിയിരിക്കുകയാണ് ഇന്ത്യൻ നാവികസേന. ആക്രമണമുണ്ടായാലും കടൽക്കൊള്ളക്കാരുടെ മോഷണമുണ്ടായാലുമെല്ലാം സ്ഥലത്ത് പാഞ്ഞെത്തി നാവികരെ രക്ഷിച്ചെടുക്കുന്നത് ഇന്ത്യൻ നാവികസേന പതിവാക്കിയിരിക്കുകയാണ്.

Advertisment

സമുദ്ര സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിട്ടുള്ള യുദ്ധകപ്പലുകളാണ് കടലിൽ രക്ഷാദൗത്യം നടത്തുന്നത്. അടുത്തിടെയായി ബ്രിട്ടീഷ് കപ്പലടക്കം കടൽക്കൊള്ളക്കാരുടെ ആക്രമണം നേരിട്ട നിരവധി കപ്പലുകൾക്കാണ് ഇന്ത്യൻ നാവികസേന തുണയായത്.


ഏദൻ ഉൾക്കടലിൽ ഹൂതി മിസൈൽ ആക്രമണത്തിൽ തീപിടിച്ച ട്രൂ കോൺഫിഡൻസ് എന്ന ചരക്കു കപ്പലിലെ ഇന്ത്യക്കാരനടക്കം 20 ജീവനക്കാരെ മരണമുഖത്ത് നിന്ന് രക്ഷിച്ചതാണ് ഒടുവിലത്തെ സംഭവം.  യെമനിലെ ഏദൻ തീരത്തിന് തെക്കു - പടിഞ്ഞാറായി 50 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. 20 നാവികരും 3 സുരക്ഷാ ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ ഇന്ത്യാക്കാരനായിരുന്നു.


അപകട വിവരം അറിഞ്ഞുടൻ ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് കൊൽക്കത്ത യുദ്ധക്കപ്പൽ സ്ഥലത്ത് കുതിച്ചെത്തി. ഹെലികോപ്റ്ററിലും ബോട്ടുകളിലുമായി 20 പേരെയും രക്ഷിച്ചു. ജീവനക്കാർക്ക് അടിയന്തര വൈദ്യ സഹായം നൽകിയ നേവി ബുധനാഴ്ച വൈകിട്ടോടെ ഇവരെ ജിബൂട്ടിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രണ്ട് ഫിലിപ്പീൻസുകാർ ചികിത്സയിലാണ്.  

Navy

അതിനു മുൻപ് ഹൂതി മിസൈൽ പതിച്ച എം.എസ്.സി സ്കൈ - 2 എന്ന കപ്പലിനെയും ഇന്ത്യൻ നേവി രക്ഷിച്ചിരുന്നു. 13 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ബാർബഡോസിൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രൂ കോൺഫിഡൻസ് ചൈനയിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോവുകയായിരുന്നു. സ്റ്റീൽ ഉത്പന്നങ്ങളും ട്രക്കുകളുമായിരുന്നു കപ്പലിൽ.


ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണയറിയിച്ച് ആക്രമണം തുടരുമെന്ന് ഹൂതികൾ പറയുന്നു. നവംബർ മുതൽ കപ്പൽ ആക്രമണങ്ങൾ തുടരുകയാണ്.  ട്രൂ കോൺഫിഡൻസ് അമേരിക്കൻ കപ്പലായാതിനാലാണ് ആക്രമിച്ചതെന്ന് ഹൂതി വക്താവ് ആരോപിച്ചു.


 എന്നാൽ ഉടമകൾ ഇത് തള്ളി. ലൈബീരിയയിലെ ട്രൂ കോൺഫിഡൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ നിലവിൽ ഗ്രീക്ക് കമ്പനിയാണ് നിയന്ത്രിക്കുന്നത്. ഗുരുതരമായ കേടുപാട് സംഭവിച്ച ട്രൂ കോൺഫിഡൻസ് കരയിൽ നിന്നകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒഴുകുകയാണ്. കപ്പലിനെ നീക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

navyUntitleda

ട്രൂ കോൺഫിഡൻസ് ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രത്തിലുണ്ടായിരുന്ന രണ്ട് ഡ്രോണുകൾ യു.എസ് തകർത്തു. ഇവ മേഖലയിലെ യു.എസ് നേവി കപ്പലുകൾക്ക് ഭീഷണി ഉയർത്തിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

കപ്പലുകൾക്ക് രക്ഷാകവചമൊരുക്കുന്ന ഇന്ത്യൻ നാവികസേനയുടെ തലവൻ മലയാളിയായ അഡ്‍മിറൽ ഹരികുമാറാണ്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം അടുത്തിടെ നാട്ടിലും പഠിച്ച സ്കൂളിലുമെത്തി അദ്ധ്യാപകരുടെ അനുഗ്രഹം തേടിയിരുന്നു. നാവികസേനയെ കരുത്തുന്റെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയാണ് തന്റെ ദൗത്യമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

Advertisment