Advertisment

ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടാൻ കടത്തി; യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസി നടപടി തുടങ്ങി; ഏഴ് നഗരങ്ങളിലെ പത്തിലധികം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Indians in Russia-Ukraine war zone

ഹൈദരാബാദ്: ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് റഷ്യ-യുക്രൈൻ യുദ്ധത്തിൽ പോരാടാൻ കടത്തിയതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

Advertisment

യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന മനുഷ്യക്കടത്ത് ശൃംഖല കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസി നടപടി തുടങ്ങി. ഡൽഹി, തിരുവനന്തപുരം, മുംബൈ, അംബാല, ചണ്ഡീഗഡ്, മധുരൈ, ചെന്നൈ എന്നീ ഏഴ് നഗരങ്ങളിലെ പത്തിലധികം സ്ഥലങ്ങളിൽ സിബിഐ തിരച്ചിൽ നടത്തി. 

ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് റഷ്യ-യുക്രൈൻ യുദ്ധമേഖലയിലേക്ക് യുവാക്കളെ നിയമിക്കുകയോ അയയ്‌ക്കുകയോ ചെയ്‌തുവെന്ന ആരോപണത്തിൽ വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജൻ്റുമാർക്കുമെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.

ഇതുവരെ, യുവാക്കളെ വിദേശത്തേക്ക് അയച്ച 35 സംഭവങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കുന്ന രേഖകളും ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, ഡെസ്‌ക്‌ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് രേഖകളും 50 ലക്ഷം രൂപയും അന്വേഷണ ഏജൻസി പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി സിബിഐ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ സൈന്യത്തിനൊപ്പം ചേരാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടിരുന്നു. യുക്രൈനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലാണ് 30 കാരനായ മുഹമ്മദ് അസ്ഫാൻ കൊല്ലപ്പെട്ടത്.

നേരത്തെ യുവാവിനെ റഷ്യയിൽ നിന്ന് തിരികെ കൊണ്ടുവരാൻ എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയോട് കുടുംബം സഹായം അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, എഐഎംഐഎം മോസ്കോയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് അസ്ഫാൻ മരിച്ചതായി സ്ഥിരീകരിച്ചത്. യുവാവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Advertisment