Advertisment

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി ജി മനു സുപ്രീംകോടതിയില്‍; തടസ ഹര്‍ജിയുമായി അതിജീവിതയും

New Update
manu

ഡല്‍ഹി: ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Advertisment

ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് അതിജീവിതയുടെ ഹര്‍ജി. മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യം നിലനില്‍ക്കെയാണ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 

പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പി ജി മനുവിനെതിരെയുള്ള കേസ്. നേരത്തെ കേസില്‍ കീഴടങ്ങാന്‍ പിജി മനുവിന് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു.

സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലായിരുന്നു ഹൈക്കോടതി നേരത്തെ കീഴടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് സുപ്രീം കോടതിയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. 

പി ജി മനുവിനെ അന്വേഷിച്ച് എത്തിയ പൊലീസ് സഹോദരങ്ങളെ ഉപദ്രവിച്ചതായി ആരോപിച്ച് മറ്റൊരു ഹര്‍ജിയും ഹൈക്കോടതി പരിഗണനയിലുണ്ട്.  കേസെടുത്തതിന് പിന്നാലെ മനു ഒളിവിലാണ്. കീഴടങ്ങാന്‍ ഹൈക്കോടതി പറഞ്ഞ സമയവും അതിക്രമിച്ചതിനെത്തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 

Advertisment