Advertisment

പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് റദ്ദാക്കി

New Update
1421479-patanjali-products.webp

ഡെറാഡൂണ്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് പിന്നാലെ പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് അതോറിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Advertisment

നിയമവിരുദ്ധമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചാല്‍ പിഴയോ തടവോ അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള കർശനമായ അച്ചടക്ക നടപടികളും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അറിയിച്ച് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി ഒരു പൊതു അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. സംസ്ഥാന ലൈസൻസിംഗ് അതോറിറ്റി, ആയുര്‍വേദിക് ആന്‍ഡ് യുനാനി സര്‍വീസ് എന്നിവര്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും എതിരെ പരാതി നൽകാൻ ഹരിദ്വാറിലെ ഡ്രഗ് ഇൻസ്പെക്ടർക്ക് ഏപ്രിൽ 12 ന് അനുമതി നൽകിയിട്ടുണ്ട്.

ദിവ്യ ഫാര്‍മസിയുടെ ദൃഷ്ടി ഐ ഡ്രോപ്പ്, സ്വസാരി ഗോള്‍ഡ്, സ്വസാരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസാരി അവലേ, മുക്ത വതി എക്സ്ട്രാ പവര്‍, ലിപിഡോം, ബിപി ഗ്രിറ്റ്, മധുഗ്രിറ്റ്, മധുനാശിനി വാതി എക്സ്ട്രാ പവര്‍, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഇയെ ഗോള്‍ഡ് എന്നിവ നിരോധിച്ച ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.

ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ, ദിവ്യ ഫാർമസി, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് എന്നിവയ്‌ക്കെതിരെ ഹരിദ്വാറിലെ ജില്ലാ ആയുർവേദ, യുനാനി ഓഫീസർ ഹരിദ്വാറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ പരാതി നൽകിയിട്ടുണ്ട്. ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും എതിരെ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളും സുപ്രിംകോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങളും അനുസരിച്ച് എല്ലാ തുടർ നടപടികളും തുടരുമെന്ന് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി അറിയിച്ചു.

Advertisment