Advertisment

കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഉടനെ; മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കും

New Update
84b-4e8f-9add-afd88ee5f045_mallikarjun_kharge_rahul_gandhi.jpg

ന്യൂഡല്‍ഹി: രണ്ടാം ഘട്ട സ്ഥാനാർത്ഥി ചർച്ചകൾ വേഗത്തിലാക്കാൻ കോൺഗ്രസ് തീരുമാനം. മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി മണ്ഡലങ്ങൾ പിടിക്കാനാണ് നീക്കം. കെ സി വേണുഗോപാൽ മത്സരിക്കുന്ന സാഹചര്യത്തിൽ സംഘടന ജനറൽ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി മറ്റാർക്കെങ്കിലും കൈമാറിയേക്കും.

എത്രയും വേഗം സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കാനാണ് സംസ്ഥാനങ്ങൾക്ക് ഹൈക്കമാൻഡ് നിർദേശം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. വിജയസാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് നീക്കം. സംസ്ഥാനങ്ങളിലെ പ്രധാന മുഖങ്ങൾ മത്സര രംഗത്ത് ഉണ്ടാകും.

അതിൻ്റെ ഭാഗമായാണ് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഗേലൽ ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചത്. അശോക് ഗെഹ്ലോട്ട്, കമൽനാഥ് അടക്കമുള്ള മുൻ മുഖ്യമന്ത്രിമാരും മത്സര രംഗത്ത് ഉണ്ടാകും എന്നാണ് വിവരം. എന്നാൽ പലയിടത്തും തർക്കങ്ങൾ തുടരുകയാണ്. 58 പേരുടെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ചർച്ചകൾ നടത്തിയത് എങ്കിലും 39 സ്ഥാനാത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാൻ സാധിച്ചത്.

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ തുടരുകയാണ്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമോ എന്നതിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടി ചുമതല മറ്റാർക്കെങ്കിലും കൈമാറും എന്നാണ് സൂചന. ഒരുപക്ഷേ പ്രിയങ്ക ഗാന്ധി മത്സരിക്കാതെ പാർട്ടി ചുമതല താല്ക്കാലികമായി ഏറ്റെടുക്കാനും സാധ്യതയുണ്ട്.

Advertisment