Advertisment

സൗജന്യമായി ‘ഗോൽഗപ്പ’ നൽകിയില്ല; ഉത്തർപ്രദേശിൽ യുവാവിനെ തല്ലിക്കൊന്നു

New Update
56767777

ഡല്‍ഹി: സൗജന്യമായി ‘ഗോൽഗപ്പ’ നൽകാത്തതിന്റെ പേരിൽ യുവാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പ്രാദേശിക ഗുണ്ടാനേതാവും സംഘവും ചേർന്ന് പിതാവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment

കാൺപൂരിലെ സഫിപൂർ പട്ടണത്തിലെ ചക്രി പ്രദേശത്തെ താമസക്കാരനായ പ്രേം ചന്ദ് ആണ് മരിച്ചത്. ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് പ്രേംചന്ദിന്റെ കുടുംബം. പ്രദേശത്ത് ‘ഗോൽഗപ്പ’ വിൽപ്പന നടത്തിയാണ് പ്രേം ചന്ദ് കുടുംബം പുലർത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ പിതാവിനെ മർദിച്ചതായി മകൻ പൊലീസിനോട് പറഞ്ഞു.

സൗജന്യമായി ‘ഗോൽഗപ്പ’ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രാദേശിക ഗുണ്ടാനേതാവ് ധീരജും മറ്റ് ചില ആളുകളും ചേർന്നാണ് പിതാവിനെ മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിൽ അവശനായി വീട്ടിൽ തിരിച്ചെത്തിയ പിതാവ് പിന്നീട് മരണപ്പെടുകയായിരുന്നുവെന്ന് മകൻ കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

എന്നാൽ, പ്രേംചന്ദിന്റെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടർനടപടികൾ തീരുമാനിക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു, കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Advertisment