Advertisment

അസം സംഘർഷം; രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസ്

New Update
rahul

ഗുവാഹത്തി: അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, മറ്റ് പാർട്ടി പ്രവർത്തകർ തുടങ്ങിയവർക്കെതിരെ കേസ്. 

Advertisment

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രധാന വഴികളിലൂടെ ഗുവാഹത്തിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതിന് പിന്നാലെ പാർട്ട് പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. 

അക്രമം, പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, ‌പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഗുവാഹത്തിയിൽ നിന്ന് മാറി ഗുവാഹത്തി ബൈപാസ് ഉപയോഗിക്കണമെന്ന് രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് യാത്രയോട് അസം മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പോലീസുകാരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. 

രാഹുൽ ​ഗാന്ധി ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചതായും അസം മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ തന്നെ അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും മറ്റും തെളിവായി പങ്കുവെച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

അതേസമയം മനസ്സിൽ പേടിയുള്ളതുകൊണ്ടാണ് അവർ തങ്ങൾക്കെതിരേ കേസെടുത്തതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്നാണ് രാഹുൽ വീണ്ടും വിശേഷിപ്പിച്ചത്.

സംസ്ഥാനത്ത് വലിയ തൊഴിലില്ലായ്മയും അഴിമതിയും വിലക്കയറ്റവും ഉണ്ടെന്നാണ് താൻ ജനങ്ങളോട് സംസാരിക്കുമ്പോഴെല്ലാം അറിയാറുള്ളത്. യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല, കർഷകർ ആശങ്കയിലാണ്. ഈ വിഷയങ്ങൾ ഞങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment