Advertisment

നേഹയുടെ കൊലപാതകത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു; പെണ്‍കുട്ടിയുടെ കുടുംബത്തോട് മാപ്പു ചോദിച്ച് പ്രതി ഫയാസിന്റെ കുടുംബം ! 'ട്രൂ ലവ്' പോസ്റ്റിട്ടവര്‍ കുടുങ്ങി

സംഭവത്തില്‍ രാഷ്ട്രീയ വിവാദവും കൊഴുക്കുകയാണ്. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ സർക്കാർ കേസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് ബിജെപി

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
neha fayaz

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും ഹുബള്ളി ധാര്‍വാഡ് കോര്‍പറേഷന്‍ കൗണ്‍സിലറുമായ നിരഞ്ജന്‍ ഹിരെമത്തിന്റെ മകള്‍ നേഹ ഹിരെമത്തിന്റെ കൊലപാതകത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജപ്രചരണം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍.

Advertisment

നേഹയും കൊലപാതകിയായ ബെളഗാവി സ്വദേശി ഫയാസും പ്രണയത്തിലായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച രണ്ടു പേരാണ് അറസ്റ്റിലായത്. 'നേഹ-ഫയാസ് ട്രൂ ലവ്, ജസ്റ്റിസ് ഫോര്‍ ലവ്' എന്നായിരുന്നു പോസ്റ്റ്. ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നേഹയും ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ നേഹയുടെ പിതാവ് തള്ളിക്കളഞ്ഞിരുന്നു. ഫയാസ് പ്രണയാഭ്യര്‍ത്ഥന നടത്തി നേഹയുടെ പിന്നാലെ നടന്ന് ശല്യംചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നത്. ഫയാസിന്റെ പ്രണയാഭ്യര്‍ത്ഥനകള്‍ നേഹ പലതവണയായി നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നേഹയും ഫയാസും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് ഫയാസിന്റ മാതാവ് മുംതാസ് പറഞ്ഞത്. ഇക്കാര്യം കഴിഞ്ഞ വർഷം മുതൽ തനിക്ക് അറിയാമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

മുഹമ്മദ് ഫയാസിന്റെ പിതാവ്‌ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കൈകള്‍ കൂപ്പി നേഹയുടെ കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞു. ക്രൂരപ്രവര്‍ത്തി ചെയ്തതിന് ഫയാസിന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന്‌ സ്‌കൂള്‍ അധ്യാപകൻ കൂടിയായ ബാബാ സാഹേബ് സുബാനി പറഞ്ഞു. ഫയാസിന്‍റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

അതേസമയം, സംഭവത്തില്‍ രാഷ്ട്രീയ വിവാദവും കൊഴുക്കുകയാണ്. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ സർക്കാർ കേസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര ആരോപിച്ചു. 

ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ നേഹയുടെ കുടുംബാംഗങ്ങളെ കാണാൻ ഹുബ്ബള്ളിയിലെത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും നേഹയ്ക്ക് നീതി നേടിക്കൊടുക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും നദ്ദ പറഞ്ഞു. ഇത് ലവ് ജിഹാദാണ്. അതിനെ വ്യക്തിപരമായ കാര്യമെന്ന് വരുത്തിത്തീര്‍ക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നദ്ദ ആരോപിച്ചു.

പെണ്‍കുട്ടിയുടെ മരണത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.  ഇത് ലവ് ജിഹാദല്ലെന്നും അദ്ദേഹം പറയുന്നു. സംഭവം മുതലെടുത്ത് ഗവർണർ ഭരണം അടിച്ചേൽപിക്കാൻ ബിജെപി ശ്രമിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. ക്രമസമാധാനനില തൃപ്തികരമാണ്. പ്രതിക്ക് അർഹിച്ച ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Advertisment