Advertisment

പേടിഎമ്മിലെ സാമ്പത്തിക പ്രതിസന്ധി; 5000 മുതൽ 6300 വരെ ജീവനക്കാരെ പിരിച്ചുവിട്ടേക്കും

New Update
1425349-ptm.webp

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനമായ പേടിഎമ്മിലെ ജീവനക്കാര്‍ പ്രതിസന്ധിയില്‍ എന്ന് റിപ്പോര്‍ട്ട്. മാതൃ കമ്പനിയായ വണ്‍97 നഷ്‌ടം വര്‍ധിച്ചതോടെ 5000 മുതല്‍ 6300 വരെ ജീവനക്കാരെ പേടിഎം പിരിച്ചുവിട്ടേക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജീവനക്കാരുടെ ചെലവ് ചുരുക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം മൊത്തം തൊഴില്‍ശേഷിയില്‍ 15 മുതല്‍ 20 ശതമാനം വരെ വെട്ടിച്ചുരുക്കല്‍ നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ 500 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കരുതുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 32798 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. 7.87 ലക്ഷം രൂപയായിരുന്നു ഇവരുടെ ശരാശരി വാര്‍ഷിക ശമ്പളം. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളില്‍ 34 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായതോടെ ശരാശരി വാര്‍ഷിക പ്രതിഫലം 10.6 ലക്ഷമായി ഉയര്‍ന്നു. ഈ ഞെരുക്കം മറികടക്കാന്‍ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്. ആയിരത്തിലധികം ജീവനക്കാരെ കഴിഞ്ഞ ഡിസംബറില്‍ പിരിച്ചുവിട്ടു. എന്നാല്‍ ഇപ്പോള്‍ എത്ര പേര്‍ ജീവനക്കാരായി കമ്പനിയിലുണ്ട് എന്ന കൃത്യമായ കണക്ക് വണ്‍97 കമ്മ്യൂണിക്കേഷന്‍സ് പുറത്തുവിട്ടിട്ടില്ല.

മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നഷ്ടം 550 കോടിയായി ഉയര്‍ന്നിരുന്നു. മുൻ വർഷത്തെ സമാന പാദത്തിലെ 168 കോടി രൂപയിൽ നിന്നും 3.2 ഇരട്ടി ഇടിവാണ് കമ്പനി നേരിട്ടത്. ഇതെല്ലാം കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കമ്പനി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം പേടിഎം പേയ്‌മെൻ്റ് ബാങ്കിന് മേൽ നിരോധനം ഏർപ്പെടുത്തിയതിന് ശേഷം കമ്പനിയുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Advertisment