Advertisment

ഇസ്രായേലിൽ ജോലി അവസരവുമായി യുപി സർക്കാർ; ശമ്പളം 1.3 ലക്ഷം

New Update
1404043-israel-job-offer.webp

ലഖ്നൗ: നിർമാണ തൊഴിലാളികൾക്ക് ഇസ്രായേലിൽ ജോലി അവസരവുമായി ഉത്തർ പ്രദേശ് സർക്കാർ. ഒന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളികൾക്ക് പ്രതിമാസം 1,34,000 രൂപ ശമ്പളം ലഭിക്കും.

Advertisment

21നും 45നും ഇടയിൽ പ്രായമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. ഇവർക്ക് മെഡിക്കൽ ഇൻഷുറൻസ് അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കും. യാത്രാ ചെലവ് തൊഴിലാളികൾ വഹിക്കണം.

അലീഗഢ്, ഹാഥറസ്, കസ്ഗൻജ്, എറ്റാഹ് തുടങ്ങിയ ജില്ലകളിൽനിന്നായി പതിനായിരത്തോളം പേർ അപേക്ഷ നൽകിയതായി അലീഗഢ് സോൺ ഡെപ്യൂട്ടി ലേബർ കമീഷണർ സിയറാം അറിയിച്ചു. ദേശീയ നൈപുണ്യ വികസന കോർപറേഷനാണ് തൊഴിലാകളെ ഇന്റർവ്യൂ ചെയ്യുന്നത്. കൽപ്പണി, പ്ലംബർ, ടൈൽസ് ജോലി എന്നിവയുൾപ്പെടെ 54 വിദഗ്ധ തൊഴിലാളികളെ ഇതിനകം അലീഗഢിൽനിന്ന് ​തിരഞ്ഞെടുത്തതായി സിയറാം പറഞ്ഞു.

അലീഗഢ് മേഖലയിൽ മാത്രം ഏകദേശം 4.5 ലക്ഷം തൊഴിലാളികൾ തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരോട് ഇസ്രായേലിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് സർക്കാർ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ മേയിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ ന്യൂഡൽഹിയിലെത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ തൊഴിൽ കരാറിൽ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. 34,000 നിർമാണ തൊഴിലാളികളും 8,000 നഴ്സുമാരും അടക്കം 42,000 ഇന്ത്യക്കാർക്ക് ഇസ്രായേലിൽ തൊഴിലവസരങ്ങൾ തേടാൻ അനുമതി നൽകുന്നതാണ് കരാർ.

തൊഴിലാളികളെ യുദ്ധ മേഖലകളിലേക്കല്ല, നിർമാണ പദ്ധതികൾ നടക്കുന്ന പ്രദേശങ്ങളിലേക്കാണ് വിന്യസിക്കുക. ജോലിക്ക് അപേക്ഷിക്കുന്നവരുടെ മതമോ ലിംഗഭേദമോ നോക്കാതെ വിദഗ്ധരായവരെ തിരഞ്ഞെടുക്കുമെന്നും സിയറാം വ്യക്തമാക്കി.

Advertisment